മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രത്യേകപരിരക്ഷ ആവശ്യമുണ്ടോ? കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ്
ന്യൂഡൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രത്യേകപരിരക്ഷ ആവശ്യമുണ്ടോ?രാജ്യത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുള്ള സമ്പൂർണ നിയമ പരിരക്ഷ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ അയച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇത്തരം സംരക്ഷണങ്ങൾ ഇല്ലാത്ത കാലത്തും രാജ്യത്ത് തെരഞ്ഞെടുപ്പുകൾ ഭംഗിയായി നടന്നിരുന്നുവെന്ന് ഹരജിക്കാരനായ അരുൺ കുമാർ അഗർവാൾ വാദിച്ചു. “നിലവിലുള്ള വകുപ്പ് പ്രകാരം ഒരാൾക്കും കമ്മീഷനെതിരെ ഒരു തരത്തിലുമുള്ള സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകൾക്ക് ഇടം നൽകുന്നില്ല” ഹരജിക്കാരൻ പറഞ്ഞു. വോട്ടർപട്ടികയിൽ നിന്ന് അകാരണമായി പേര് നീക്കം ചെയ്യപ്പെട്ട ഒരാൾക്കോ, സ്ഥാനാർഥികൾ കാണിക്കുന്ന കൃത്രിമത്വങ്ങൾക്കെതിരെയോ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി പൗരന്മാർക്കുള്ള പരാതികൾ തുടങ്ങിയ വിഷയങ്ങളിൽ നിലവിൽ പരിഹാരം ലഭിക്കാത്ത അവസ്ഥയാണെന്ന് ഹരജിക്കാരൻ വാദിച്ചു.

