പ്രൊഫ. എം. കെ. സാനു അന്തരിച്ചു
കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസർ എം.കെ സാനു അന്തരിച്ചു. 97വയസായിരുന്നു. ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5:35 ഓടെയാണ് അന്ത്യം.
മഹാരാജാസിൻറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു പ്രഫ. എം.കെ സാനു. ആയിരക്കണക്കിന് ശിഷ്യൻമാരുടെ പ്രിയപ്പെട്ട സാനു മാഷ് മരണം വരെ പൊതുമണ്ഡലത്തിൽ സജീവമായിരുന്നു.
സാഹിത്യ – സാംസ്‌കാരിക – രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയാണ് സാനു മാഷ് വിടവാങ്ങുന്നത്.
അധ്യാപകൻ, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ തുടങ്ങി സാനു മാഷിന് വിലാസങ്ങൾ പലതാണ്. എറണാകുളം മഹാരാജാസ് കോളേജിൽ ദീർഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രഗൽഭർ സാനു മാഷിൻറെ ശിഷ്യന്മാരായുണ്ട്
സാഹിത്യ രംഗത്ത് സജീവമായിരുന്ന സാനു മാസ്റ്റർ 40 ഓളം പുസ്തകങ്ങൾ രചിച്ചു. 1985 ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും സാനു മാഷിനെ തേടിയെത്തി.
മഹാകവി വൈലോപ്പിള്ളിക്ക് ശേഷം പുരോഗമന സാഹിത്യ സംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും അദ്ദേഹം സജീവമായിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട സാനു മാസ്റ്റർ പാർലമെൻററി രാഷ്ട്രീയത്തിലും വെന്നിക്കൊടി നാട്ടി. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എൽ ജേക്കബിനെ പരാജയപ്പെടുത്തി എംഎൽഎ ആയി.
1928ൽ ആലപ്പുഴ തുമ്പോളിയിലാണ് ജനനം.
എം.കെ. സാനുവിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു എം. കെ സാനു. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളുംകൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർത്ഥനായ സാമൂഹ്യ സേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളമുണ്ട്.

