ഗസയിലേക്ക് യാത്ര തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ആക്രമിച്ച ഇസ്രഈല്‍ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം.
റോം: ഗസയിലേക്ക് യാത്ര തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയെ ആക്രമിച്ച ഇസ്രഈല്‍ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം.ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും തുര്‍ക്കിയിലും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി.
ഇറ്റലിയിലെ റോമില്‍ വിദ്യാര്‍ത്ഥികളും അടിസ്ഥാന യൂണിയന്‍ അംഗങ്ങളും പ്രതിഷേധിച്ചു. നൂറുകണക്കിന് വരുന്ന പ്രകടനക്കാര്‍ ടെര്‍മിനി സ്റ്റേഷന് മുന്നിലുള്ള പിയാസ ഡെയ് സിന്‍ക്വെസെന്റോയില്‍ ഒത്തുകൂടി. ഫലസ്തീനും ഫ്‌ളോട്ടില്ലയ്ക്കും വേണ്ടി നമ്മുക്ക് എല്ലാം തടയാമെന്ന മുദ്രവാഖ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു പ്രതിഷേധം.
നേപ്പിള്‍സില്‍ പ്രകടനക്കാര്‍ പ്രകടനക്കാര്‍ പ്രധാന സ്റ്റേഷനില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് നിരവധി മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുകയും ടെര്‍മിനലിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു
പിന്നാലെ, ഇസ്രാഈലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറ്റലിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ കോണ്‍ഫെഡറാസിയോണ്‍ ജനറലെ ഇറ്റാലിയാന ഡെല്‍ ലാവോറോ (സി.ജി.ഐ.എല്‍) ഒക്ടോബര്‍ മൂന്നിന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ട്രേഡ് യൂണിയനാണ് സി.ജി.ഐ.എല്‍.
സംഭവത്തില്‍ യൂണിയന്‍ സിന്‍ഡകേല്‍ ഡി ബേസും (യു.എസ്.ബി) ഇറ്റലിയില്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

