ഗസ്സയിൽ ഹമാസിനെ പരാജയപ്പെടുത്താനാവില്ല.രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തിന്റെ മുന്‍ മേധാവി.

തെല്‍അവീവ്: സമ്പൂർണമായി ഗസ്സ പിടിച്ചടക്കാനുള്ള ഇസ്റാഈൽ കാബിനറ്റ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടയിൽഗസയില്‍ എന്തൊക്കെ തരം ആക്രമണം നടത്തിയാലും ഹമാസിനെ പരാജയപ്പെടുത്താനാവില്ലെന്ന് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ബെത്തിന്റെ മുന്‍ മേധാവിഅമി അയലോന്‍.”ഗസയില്‍ സൈന്യത്തിന് നേടാവുന്നതെല്ലാം നേടി. ഇപ്പോള്‍ സൈന്യത്തിന്റെ സുരക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. 22 മാസത്തെ വ്യോമാക്രമണത്തിന് ശേഷം ഗസ വീണ്ടും പിടിച്ചടക്കുന്നത് ഹമാസിന്റെ അന്ത്യം കുറിക്കുമെന്ന് പറയുന്നവര്‍ക്ക് അധിനിവേശം എന്താണെന്നോ ഫലസ്തീനി പ്രസ്ഥാനങ്ങള്‍ എന്താണെന്നോ ധാരണയില്ല. ”-അദ്ദേഹം പറഞ്ഞു.

”ഹമാസിന്റെ പ്രധാന നേതാക്കളായ ഇസ്മാഈല്‍ ഹനിയ, യഹ്‌യാ സിന്‍വാര്‍, മുഹമ്മദ് സിന്‍വാര്‍ തുടങ്ങിയവരെ കൊലപ്പെടുത്താന്‍ സൈന്യത്തിന് കഴിഞ്ഞു. പക്ഷേ, സൈനിക ശക്തികൊണ്ട് ആശയത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല. ഫലസ്തീന്‍ രാജ്യമില്ലാതെ ഇസ്രായേല്‍ ഒരിക്കലും സുരക്ഷിതമാവില്ല. അധിനിവേശം എന്നാലെന്താണെന്ന് നിങ്ങള്‍ മനസിലാക്കണം. ആദ്യം നിങ്ങള്‍ ആയിരക്കണക്കിന് പേരെ കൊല്ലണം. പിന്നീട് ഓരോ വ്യക്തികളെയും നിയന്ത്രിക്കാന്‍ കഴിയണം. അത് നടക്കുന്ന കാര്യമാണോ?”-അദ്ദേഹം ചോദിച്ചു.
1973ല്‍ സിനായ് പിടിച്ചെടുക്കാന്‍ നടത്തിയ അധിനിവേശത്തില്‍ ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു. പിന്നീട് ഈജിപ്തുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചപ്പോള്‍ ആ പ്രദേശം വിട്ടുകൊടുത്തു. ഇത് പോലെ തന്നെയാവും ഗസയിലും നടക്കുക. ഗസയില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *