വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവര്‍ നല്‍കാനുള്ളത് 58000 കോടിരൂപ; വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി :വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത വായ്പ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതലും പലിശയും ഉള്‍പ്പടെ 58000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളത്. ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു.
ഈ 15 പേര്‍, 2025 ഒക്ടോബര്‍ 31 വരെ ബാങ്കുകള്‍ക്ക് മുതല്‍ ഇനത്തില്‍ മാത്രം 26,645 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തി. കൂടാതെ ഈ വായ്പകളുടെ പലിശ ഇനത്തില്‍ 31437 കോടി രൂപയും കുടിശ്ശികയുണ്ട്. ഇതടക്കമാണ് 58000 കോടി രൂപയുടെ നഷ്ടം ഇവര്‍ ബാങ്കുകള്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്.
’15 കുറ്റവാളികളില്‍ ഒന്‍പത് പേര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരായ വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടവരാണ്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ പ്രമുഖരുടെ പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു, 2025 ഒക്ടോബര്‍ 31 വരെ ഈ കുറ്റവാളികളില്‍ നിന്ന് 19,187 കോടി രൂപ തിരിച്ചുപിടിച്ചു’ ചൗധരി സഭയെ അറിയിച്ചു.
പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ട 15 ആളുകള്‍ ഇവരാണ്: വിജയ് മല്യ, നീരവ് മോദി, നിതിന്‍ ജെ സന്ദേസര, ചേതന്‍ ജെ സന്ദേസര, ദിപ്തി സി സന്ദേസര, സുദര്‍ശന്‍ വെങ്കട്ടരാമന്‍, രാമാനുജം ശേഷരത്‌നം, പുഷ്‌പേഷ് കുമാര്‍ ബെയ്ദ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍.
പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച്, വിജയ് മല്യ മാത്രം വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ട്. നീരവ് മോദിക്ക് 9,656 കോടി രൂപയുടെ കുടിശ്ശികയുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ 545 കോടി രൂപ ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ട്. 15 പേരില്‍ രണ്ടുപേര്‍ വായ്പ നല്‍കിയവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
പിടികിട്ടാപ്പുള്ളികൾ സാമ്പത്തിക കുറ്റവാളി നിയമം (FEOA), കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (PMLA) എന്നിവ പ്രകാരം ആസ്തികള്‍ കണ്ടുകെട്ടുന്നതിനും, കുറ്റവാളികളെ വിട്ടുകിട്ടുന്നതിനും, പരമാവധി തുക തിരിച്ചുപിടിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

