ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തു; എയര്‍ ഇന്ത്യ പൈലറ്റ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹി വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തതിന് യാത്രക്കാരനെ എയര്‍ ഇന്ത്യ പൈലറ്റ് ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് സംഭവം. അങ്കിത് ദിവാനെയാണ് എയര്‍ ഇന്ത്യ പൈലറ്റ് വിജേന്ദര്‍ സെജ്വാള്‍ മര്‍ദിച്ചത്. തുടര്‍ന്ന് ചോരപ്പാടുകളുള്ള തന്റെ മുഖം അങ്കിത് ദിവാന്‍ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചു. പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.മര്‍ദ്ദനം നേരില്‍കണ്ട അങ്കിതിന്റെ ഏഴ് വയസുകാരിയായ മകള്‍ കടുത്ത വിഷമത്തിലാണ്. ഒപ്പം നാലുമാസം പ്രായമുള്ള മകളുമുണ്ടായിരുന്നു. സുരക്ഷാ ചെക് ഇന്നില്‍ വച്ച് ഇദ്ദേഹത്തോട് ജീവനക്കാര്‍ ഉപയോഗിക്കുന്ന സുരക്ഷാ ചെക്ക്-ഇന്‍ ലൈന്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഈ ക്യൂവിലേക്ക് ഇവര്‍ മാറിനിന്നു. ഈ സമയത്താണ് വിമാന ജീവനക്കാരുടെ സംഘം ഇവിടേക്ക് എത്തിയത്. ഇവര്‍ ക്യൂ പാലിക്കാതെ മുന്നില്‍ കയറിയത് അങ്കിത് ചോദ്യം ചെയ്തു. ഈ സമയത്താണ് ക്യാപ്റ്റന്‍ വിജേന്ദര്‍ എത്തിയത്. ഇദ്ദേഹം ക്യൂ പാലിച്ചില്ല. തുടര്‍ന്ന് അങ്കിതിനെ മക്കളുടെ മുന്നില്‍വച്ച് അധിക്ഷേപിച്ചുകൊണ്ട് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിദ്യാഭ്യാസം ഇല്ലേയെന്ന് ചോദിച്ചും ഈ ക്യൂ ജീവനക്കാര്‍ക്കുള്ളതാണെന്നും പറഞ്ഞായിരുന്നു മര്‍ദനം.അതേസമയം പരാതിയില്ലെന്ന് തന്നെ കൊണ്ട് നിർബന്ധിച്ച് എഴുതി വാങ്ങിച്ചതായി അങ്കിത് ആരോപിക്കുന്നു. സംഭവം വിശദമായി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *