കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ്റെ മകൾ കൊല്ലപ്പെട്ട നിലയിൽ .
കസ്തൂരി ജി. കുട്ടി. 2 സുർജയെ
കോയമ്പത്തൂർ : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപക പി.വി.രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജയ (38) സംഭവത്തിനുശേഷം കാണാതായി. സുർജ അടക്കം 4 പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. സംഭവത്തിൽ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം തുടങ്ങി.
കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ചശേഷം കസ്തൂരി, മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടി എന്നിവർ മാത്രമായിരുന്നു വീട്ടിൽ താമസം. സംഭവം നടക്കുമ്പോൾ രാംകുമാർകുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അയൽവാസികളെ വിവരമറിയിച്ച്, വീടു പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
ജീവനക്കാരുള്ള വില്ലയാണിത്. വീട്ടിൽ നിന്നു കാണാതായ സുർജ 4 മാസം മുൻപാണു സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. വീടിന്റെ പരിസരത്തു നിന്നു സുർജയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മതിൽ ചാടിക്കടക്കുന്നതിനിടെ വീണുപോയതാകാമെന്നു കരുതുന്നു.
വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20നു 3 യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56നു സുർജയും ഇവരും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. കവർച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നു പൊലീസ് സംശയിക്കുന്നു. കസ്തൂരിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സുശീലയാണു (ദുബായ്) മറ്റൊരു മകൾ.

