19 ദിവസം കൊണ്ടു പൊലീസ് കണ്ടെടുത്തത് 124 ഫോണുകൾ: ഫോൺ പോയാൽ ചെയ്യേണ്ടത്

കോഴിക്കോട് : യാത്രാ മധ്യേ ഫോൺ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ പരിധിയിലെ 18 പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയിൽ 19 ദിവസം കൊണ്ടു പൊലീസ് കണ്ടെടുത്തത് 124 ഫോണുകൾ. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ – ‘സിയാർ’) പോർട്ടൽ വഴി പൊലീസ് കണ്ടെത്തിയ ഫോണുകൾ ഉടമകൾക്ക് സിറ്റി പൊലീസ് കമ്മിഷണർ ജി.ജയദേവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

കല്ലായി ചക്കുംകടവ് സ്വദേശി സൗജത്ത് അഞ്ചു വർഷത്തോളം ഉപയോഗിച്ച മൊബൈൽ ഫോൺ ഒന്നര വർഷം മുൻപാണ് ബീച്ച് റോഡിൽ നിന്ന് ചക്കുംകടവിലേക്കുള്ള യാത്രയിൽ ഓട്ടോയിൽ മറന്നുവച്ചത്. രണ്ടു ദിവസം ഫോൺ ബെല്ലടിച്ചെങ്കിലും കിട്ടിയ ആൾ എടുത്തില്ല. ഒടുവിൽ പന്നിയങ്കര പൊലീസിൽ പരാതി നൽകി സിയാറിൽ റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസമാണ് ഫോൺ ലഭിച്ചതായി കമ്മിഷണർ ഓഫിസിൽ നിന്നു വിവരം ലഭിച്ചത്. എന്നാൽ കളഞ്ഞുപോയ ഫോണിനു പകരം പൊലീസ് നൽകിയത് പുതിയ മൊബൈൽ ഫോൺ. കാര്യം തിരക്കിയപ്പോഴാണ് പൊലീസ് കഥ പറഞ്ഞത്. ഓട്ടോയിൽ മറന്നു വച്ച ഫോൺ കിട്ടിയ യുവാവ് ഉപയോഗിച്ചു. പിന്നീട് അത് കേടായപ്പോൾ ഉപേക്ഷിച്ചു. എന്നാൽ യുവതി സിയാറിൽ റജിസ്റ്റർ ചെയ്തതിനാൽ, കളഞ്ഞു കിട്ടിയ ഫോണിൽ യുവാവിന്റെ സിം ഇട്ടതോടെ ആ നമ്പർ പൊലീസിന്റെ വലയത്തിലായി.

പൊലീസ് ഫോൺ എത്തിക്കാൻ അറിയിച്ചപ്പോൾ, കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചതിനാൽ പുതിയ ഫോൺ എത്തിക്കുകയായിരുന്നു. യുവാവിനെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ആ നല്ല മനസ്സിനു യുവതി നന്മ നേർന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് 7 വരെ നടത്തിയ പൊലീസ് സ്പെഷൽ ഡ്രൈവിലാണ് ഫോണുകൾ കണ്ടെത്തിയതെന്ന് സൈബർ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.പ്രദീപ്‌ കുമാർ പറഞ്ഞു.

ഫോൺ പോയാൽ എന്തുചെയ്യും
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ, മോഷ്ടിച്ചാൽ, മറന്നു പോയാൽ കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ – ‘സിയാർ’) വഴി വീണ്ടെടുക്കാം. ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ (ഡിഒടി) ആണ് ‘സിയാർ’ പോർട്ടൽ വികസിപ്പിച്ചത്. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുമായും നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന ഈ പോർട്ടലിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ അല്ലെങ്കിൽ പൊലീസ് ‘പോൽ’ ആപ്പിൽ പരാതി റജിസ്റ്റർ ചെയ്ത രസീത് നിർബന്ധമാണ്. മൊബൈൽ ഫോൺ, മൊബൈൽ സിം ഉപയോഗിക്കുന്ന മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ വിധത്തിൽ കണ്ടെത്താൻ കഴിയും.

*ഫോൺ കണ്ടെത്തുന്ന രീതി ആദ്യം ചെയ്യേണ്ടത്*
∙ പൊലീസിൽ പരാതി നൽകിയ രസീത് കൈവശം വേണം.
∙ നഷ്ടപ്പെട്ട മൊബൈൽ ഫോണിൽ ഉപയോഗിച്ച സിം കാർഡിന്റെ പകർപ്പ് സിം വാങ്ങണം.
∙സിം പ്രവർത്തനക്ഷമമായി 24 മണിക്കൂർ പിന്നിട്ടു സിം കമ്പനിയിൽ നിന്നു സന്ദേശം ലഭിക്കണം.
∙ പൊലീസ് പരാതിയുടെ രസീത്, ഫോൺ ഐഎംഇഐ കോ‍ഡ്, മൊബൈൽ ഫോൺ ബിൽ എന്നിവ കൈവശം വേണം.
∙ ഫോൺ ഉടമയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ.

*തുടർന്നു ചെയ്യേണ്ടത്*
∙ സിയാർ വെബ് സൈറ്റിൽ പരാതി സമർപ്പിക്കണം.
∙ ഫോൺ നഷ്ടപ്പെട്ട വിഭാഗം ബട്ടൻ അമർത്തുക.
∙ പരിഹാര വിവര അപേക്ഷ ഫോറം പ്രത്യക്ഷപ്പെടും.
∙ മുകളിൽ സൂക്ഷിച്ച രേഖകൾ അപ്‌ലോഡ് ചെയ്യുക.
∙ തുടർന്നു ഫോറം അയയ്ക്കാനുള്ള ബട്ടൻ അമർത്തുക. ഇതോടെ പകർപ്പ് സിം കാർഡിൽ യുണീക് തിരിച്ചറിയൽ നമ്പർ ലഭിക്കും. ഇതു സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *