ഇന്ത്യൻ എണ്ണ കപ്പലിന് അനുമതി: ഹോർമുസ് കടലിടുക്ക് കടന്ന് എണ്ണ ഇന്ത്യയിലെത്തി

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് നിലച്ച എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ‘ഷെൻലോങ്’ എന്ന ടാങ്കർ ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈ തുറമുഖത്തെത്തി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ആരംഭിച്ച ശേഷം ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യയിലെത്തുന്ന ആദ്യ എണ്ണക്കപ്പലാണിത്.

1.35 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണയാണ് കപ്പലിലുള്ളത്. ലൈബീരിയൻ പതാകയുള്ള ഈ കപ്പൽ മാർച്ച് ഒന്നിനാണ് സൗദിയിലെ റാസ് തനൂറ തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. കപ്പലിന്റെ ക്യാപ്റ്റൻ സുക്ഷാന്ത് സിങ് സന്ധു ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികരുടെ തന്ത്രപരമായ നീക്കമാണ് കപ്പലിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
ഹോർമുസ് കടലിടുക്കിലെ അപകട മേഖലയിലൂടെ കടന്നുപോകുമ്പോൾ ഡ്രോൺ ആക്രമണങ്ങളിൽ നിന്നും മറ്റും രക്ഷപ്പെടാനായി കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം താൽക്കാലികമായി ഓഫ് ചെയ്തിരുന്നു. ഇറാൻ അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കപ്പൽ യാത്ര തുടർന്നതെന്ന് മുംബൈ പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കപ്പലിലെ 29 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മുംബൈയിലെ മാഹുലിലുള്ള റിഫൈനറികളിലേക്കാണ് ഈ എണ്ണ എത്തിക്കുക. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ പകുതിയിലധികവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്നതിനാൽ, ഷെൻലോങ്ങിന്റെ വരവ് രാജ്യത്തെ എണ്ണ പ്രതിസന്ധിക്ക് നേരിയ ആശ്വാസം നൽകും. അതേസമയം, 28-ഓളം ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും സംഘർഷ മേഖലയ്ക്ക് സമീപം കുടുങ്ങിക്കിടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *