ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെയും ബാസിജ്’ സേനയുടെ തലവൻ ഗുലാം റെസ സുലൈമാനി യെയും വധിച്ചതായി ഇസ്രായേൽ.
തെഹ്റാൻ :ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിർന്ന നേതാവുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ ചൊവ്വാഴ്ച പുലർച്ചെ തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തിൽ ലാരിജാനിക്കൊപ്പം ഇറാന്റെ അർധസൈനിക വിഭാഗമായ ‘ബാസിജ്’ സേനയുടെ തലവൻ ഗുലാം റെസ സുലൈമാനിയു കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. അദ്ദേഹത്തിന്റെ മരണം ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ വ്യക്തമാക്കി.
എന്നാൽ, ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടൻ പുറത്തുവിടുമെന്ന് ഇറാന്റെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം.

