ഫലസ്തീൻ ആക്ടിവിസ്റ്റ് ജോർജ്ജ് ഇബ്രാഹിമിന് മോചനം40 വർഷം ഫ്രാന്‍സില്‍ തടവിൽ കഴിഞ്ഞതിന് ശേഷമാണ് ഉത്തരവ്.
പാരീസ്: ഫ്രാന്‍സില്‍ നാല്പത് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ അനുകൂല ലെബനീസ് ആക്ടിവിസ്റ്റ് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ലയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഫ്രഞ്ച് കോടതി. 74 കാരനായ അബ്ദുല്ലയെ മോചിപ്പിക്കാമെന്ന് പാരീസ് അപ്പീല്‍ കോടതി ഇന്നലെ (വ്യാഴം) വിധിച്ചു. മരോണൈറ്റ് ക്രിസ്ത്യാനിയാണ് അബ്ദുല്ല. ജൂലൈ 25 ന് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ല ജയില്‍ മോചിതാകാനാകും. ഇനി ഒരിക്കലും ഫ്രാന്‍സിലേക്ക് തിരിച്ച് വരരുതെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തിന്റെ മോചനമെന്നും ലെബനനിലേക്ക് നാടുകടത്തുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
1982ല്‍ പാരീസില്‍ വെച്ച് അമേരിക്കന്‍ സൈനിക അറ്റാഷെ ചാള്‍സ് റോബര്‍ട്ട് റേ, ഇസ്രഈലി നയതന്ത്രജ്ഞന്‍ യാക്കോവ് ബര്‍സിമന്റോവ് എന്നിവരുടെ കൊലപാതകങ്ങളിലും 1984ല്‍ സ്ട്രാസ്ബര്‍ഗില്‍ വെച്ച് യു.എസ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ഹോമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും അബ്ദുല്ലയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1987ല്‍ ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു.
1984ല്‍ ആദ്യമായി അറസ്റ്റിലാവുകയും 1987ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത അബ്ദുല്ല, ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞവരില്‍ ഒരാളാണ്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം ആളുകളും മുപ്പത് വര്‍ഷത്തിനുള്ളില്‍ ജയില്‍ മോചിതരാകാറുണ്ട്. എന്നാല്‍ നാല്പത് വര്‍ഷത്തോളമായി അബ്ദുല്ല ജയില്‍ വാസത്തിലാണ്. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞ രാഷ്ട്രീയ തടവുകാരന്‍ എന്നാണ് അബ്ദുല്ലയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജീന്‍ ലൂയിസ് ചലാന്‍സെറ്റ് വിശേഷിപ്പിച്ചത്.
അമേരിക്കയുടെയും ഇസ്രഈലിന്റെയും സ്വാധീനം മൂലം തന്റെസഹോദരന്‍ ഫ്രാന്‍സില്‍ പതിറ്റാണ്ടുകളായി അന്യായമായി തടവിലാക്കപ്പെട്ടിരിക്കുകയാണ്. നിരവധി തവണ മോചനാഭ്യര്‍ത്ഥനകള്‍ പരാജയപ്പെട്ടതിന് ശേഷം ഫ്രഞ്ച് ജുഡീഷ്യറി ഇത്തരമൊരു തീരുമാനം എടുക്കുമെന്നോ മോചനം സാധ്യമാകുമെന്നോ കരുതിയില്ലെന്നും അബ്ദുല്ലയുടെ സഹോദരന്‍ റോബര്‍ട്ട് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
ഞാന്‍ ഒരു കുറ്റവാളിയല്ല, മറിച്ച് ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന ആക്ടിവിസ്റ്റാണ്’ എന്ന് ജോര്‍ജ്ജ് ഇബ്രാഹിം അബ്ദുല്ല നിരന്തരം കോടതിയില്‍ വാദിച്ചിരുന്നു. നോബല്‍ സമ്മാന ജേതാവായ എഴുത്തുകാരി ആനി എര്‍ണോക്‌സും പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ അബ്ദുല്ലയെ പിന്തുണക്കുന്നുണ്ട്.
ഫ്രാന്‍സിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് കാസേഷനില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കിയേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അടുത്തയാഴ്ച അദ്ദേഹത്തിന്റെ മോചനം തടയാന്‍ തക്ക വേഗത്തില്‍ അത് പ്രോസസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് റിപ്പോര്ട്ട്.
അബ്ദുല്ല ഫ്രാന്‍സ് വിടണമെന്ന വ്യവസ്ഥയില്‍ നവംബറില്‍ ഫ്രഞ്ച് കോടതി അദ്ദേഹത്തെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അബ്ദുല്ല തന്റെ രാഷ്ട്രീയ വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വാദിച്ച ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കി. തുടര്‍ന്ന് മോചനം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
1951ൽ വടക്കൻ ലെബനനിലെ മരോണൈറ്റ് ഭൂരിപക്ഷ പട്ടണമായ
അൽ ഖൗബൈയാത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്ത അബ്‌ദുല്ല, സിറിയൻ സോഷ്യൽ നാഷണലിസ്റ്റ് പാർട്ടിയിലും അംഗമായിരുന്നു.
1978ൽ ഇസ്രഈൽ ലെബനനിനിൽ നടത്തിയ അധിനിവേശത്തിനിടെ അദ്ദേഹത്തിന് പരിക്കേൽക്കുകയും തുടർന്ന് ആ വർഷം പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീനിൽ (PFLP) ചേർന്നു. 1979ൽ ചില ബന്ധുക്കളോടൊപ്പം അബ്‌ദുല്ല ലെബനീസ് സായുധ വിപ്ലവ വിഭാഗങ്ങൾ രൂപീകരിച്ചു. PFLPയിൽ നിന്ന് പരിശീലനം നേടിയ മരോണൈറ്റുകൾ ഉൾപ്പെട്ടതായിരുന്നു ഈ സംഘടന. 1981ലും 1982ലും ഫ്രാൻസിൽ നടന്ന നാല് ആക്രമണങ്ങൾ ഉൾപ്പെടെ അഞ്ച് ആക്രമണങ്ങൾ ഇവർ നടത്തി. ഫ്രാൻസിലെ ആക്ഷൻ ഡയറക്റ്റ്, ഇറ്റലിയിലെ റെഡ് ബ്രിഗേഡ്സ്, ജർമ്മനിയിലെ റെഡ് ആർമി വിഭാഗം തുടങ്ങിയ യൂറോപ്പിലെ മറ്റ് തീവ്ര ഇടതുപക്ഷ തീവ്രവാദ സംഘടനകളുമായി ഈ സംഘം ബന്ധപ്പെട്ടിരുന്നു.

