മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി.
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. പെരുമണ്ണ കമ്മനമീത്തൽ പാലക്കൽ വീട്ടിൽ പ്രശാന്തിനെതിരെയാണ് കാപ്പ ചുമത്തിയത്. പൊലീസിന്റെ ശുപാർശയിൽ കോഴിക്കോട് കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
2024ൽ കാപ്പ നിയമപ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് 2025ൽ ജില്ലയിലെത്തിയ പ്രതി മുണ്ടിക്കൽ താഴത്ത് വച്ച് അക്ഷയ സെന്ററിൽനിന്ന് വരികയായിരുന്ന വയോധികനെ വാഹനത്തിൽ കയറ്റികൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തെത്തിച്ച് മൊബൈൽ ഫോൺ കവർന്നു. പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന് സമീപത്ത് വച്ച് ബൈക്ക് മോഷ്ടിച്ചു. ഈ കേസുകളിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലായി വാഹനങ്ങളും പണവും മറ്റു വസ്തുക്കളും മോഷ്ടിച്ചതിനും പിടിച്ചുപറി നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.

