വെള്ളാപ്പള്ളിയെ പേടി യാണോ സഖാവേ”സി.പി. എം പ്രസ്താവനക്കെതിരെ എഫ് ബി യിൽ അണികളുടെ പൊങ്കാല

കോഴിക്കോട്:

നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് പറയാതെയുള്ള സിപിഎം പ്രസ്താവന ക്കെതിരെ അണികളുടെ പൊങ്കാല. നട്ടെല്ലോടു കൂടി വെള്ളാപ്പള്ളിയുടെ പേര് പറയാന്‍ കഴിവില്ലാത്ത പാര്‍ട്ടി പ്രസ്താവന ആര്‍ക്കു വേണ്ടിയെന്നാണ് അണികളും അനുഭാവികളും ഒന്നുപോലെ ചോദിക്കുന്നത്. CPIM kerala എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്കിലെ പോസ്റ്റിന് താഴെയാണ് അണികളുടെ രോഷപ്രകടനം.

“അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാന്‍?? വെള്ളാപ്പള്ളിയെ പോലൊരു ഇസ്‌പെഡ് ഏഴാംകൂലിയെ പേടിക്കുന്ന ഈ പാര്‍ട്ടിയാണോ സംഘപരിവാറിനോട് പോരാടാന്‍ ഇറങ്ങുന്നത്?? മതവിദ്വേഷം വളര്‍ത്തുന്ന വാക്കുകളും hate സ്പീച്ചും ക്രിമിനല്‍ കുറ്റമാണ്. കേസെടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. സി.പി.എം ഇത് ആവശ്യപ്പെടുമോ? പോലീസ് കേസെടുക്കുമോ?’ എന്നാണ് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘നട്ടെല്ലില്ലേല്‍ പോട്ടെ, ഒരു വാഴപ്പിണ്ടിയെങ്കിലും വാങ്ങിവെച്ചൂടേ നിങ്ങക്ക് ‘ എന്നാണ് ബഷീര്‍ ഓമനൂര്‍ എന്നൊരാള്‍ കമന്റിട്ടിരിക്കുന്നത്

“കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തി മുന്നോട്ടുപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ നീതീയും, മതനിരപേക്ഷതയും ആ നയത്തിന്റെ അടിസ്ഥാനവുമാണ്. – ഇങ്ങനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയുടെ പ്രസക്തഭാഗം. നാല് ഖണ്ഡികയുള്ള പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപനത്തില്‍ ഒരിടത്തു പോലും വെള്ളാപ്പള്ളിയുടെ പേര് പറയാതിരിക്കാന്‍ സിപിഎം പ്രത്യേക ശ്രദ്ധ കാണിച്ചു എന്ന് പറയാതെ വയ്യ.

അബദ്ധത്തില്‍ പോലും വെള്ളാപ്പള്ളി നടേശന്‍ എന്ന പേര് എവിടെയും വരാതിരിക്കാന്‍ പാര്‍ട്ടി അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് എന്നൊക്കെയുള്ള കടുത്ത പരിഹാസങ്ങളാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. 700ലധികം കമന്റുകളും 500ലധികം ഷെയറുകളും ഈ പോസ്റ്റിനുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *