കോഴിക്കോട് മാറാട് ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ.
കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഷിംനയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നില്‍ കുടുംബ വഴക്കാണെന്ന് പരാതിയില്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

യുവാവ് തീ കൊളുത്തി മരിച്ച സംഭവത്തിൽ അന്വേഷണം
കക്കട്ട് കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. കൈവേലി കുമ്പളച്ചോല സ്വദേശി താരോൽ വിജിത്ത് (45) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്നില്‍ വെച്ചാണ് വിജിത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉടൻ തന്നെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ ഉച്ചയ്ക്ക് രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വിജിത്തും പ്രദേശവാസി മുഹമ്മദും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതയാണ് വിവരം.
വിജിത്തിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം അല്പ സമയം മുമ്പ് ബന്ധുക്കൾക്ക് വിട്ടുനൽകി. തറമ്മൽ കണാരൻ്റെ മകനാണ് വിജിത്ത്. അഷിത, അഷിക എന്നിവരാണ് മക്കൾ.

