മിഥുൻ്റെ കുടുംബത്തിന് കെ.എസ്. ഇ.ബി 10 ലക്ഷം നൽകും.
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ, കെഎസ്ഇബി 5 ലക്ഷം രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപയും അടിയന്തര സഹായമായി നൽകിയിരുന്നു. ഇതിനുപുറമെ, സ്കൂൾ മാനേജ്‌മെൻ്റ് 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു.

ഊർജ്ജ മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ 5 ലക്ഷം രൂപ കൂടി മിഥുന്റെ വീട്ടിലെത്തി കൈമാറുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു. കൂടാതെ, മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വഴി ഒരു വീട് നിർമ്മിച്ചു നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാൻ കയറിയപ്പോഴാണ് മിഥുന് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. പതിറ്റാണ്ടുകളായി ഈ ലൈൻ അപകടകരമായ നിലയിലായിട്ടും ആരും ഒരു നടപടിയും എടുത്തിരുന്നില്ല. 8 വർഷം മുമ്പ് നിർമ്മിച്ച ഷെഡിന് അനുമതിയും ഉണ്ടായിരുന്നില്ല.

