ജീവനുള്ള പശുക്കളെ പാർലിമെൻ്റിൽ കൊണ്ടു പോണം…
ന്യൂദല്‍ഹി: ജീവനുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകണമെന്ന് ശങ്കരാചാര്യ അവിമുക്തശ്വരാനന്ദ്. സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ഒരു പശുവിനെയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അവിമുക്തശ്വരാനന്ദിന്റെ പ്രതികരണം.
പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ കൊണ്ടുപോയിരുന്നെങ്കില്‍ ആ കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുനന്നവര്‍ക്കും അനുഗ്രഹം ലഭിച്ചേനെയെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുവിന്റെ ഒരു പ്രതിമയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാമെങ്കില്‍ ജീവനുള്ള പശുവിന് എന്തുകൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും അവിമുക്തശ്വരാനന്ദ് ചോദിച്ചു.
ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവശം വെച്ചിരുന്ന ചെങ്കോലില്‍ പശുവിന്റെ രൂപമുണ്ടെന്നും അവിമുക്തശ്വരാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ചെങ്കോല്‍ ലോക്‌സഭാ ചേമ്പറില്‍ വെച്ചിട്ടുണ്ടെന്നും അവിമുക്തശ്വരാനന്ദ് പ്രതികരിച്ചു.പാര്‍ലമെന്റിലേക്ക് ജീവനുള്ള പശുവിനെ പ്രവേശിപ്പിക്കുന്നത് സര്‍ക്കാര്‍ ഇനിയും വൈകിപ്പിക്കുകയാണെങ്കില്‍ രാജ്യത്തുടനീളമുള്ള പശുക്കളെയും കൊണ്ട് താന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു.

