ഓണാവധിക്ക് യാത്ര പോകാൻ എട്ട് കിടിലൻ സ്പോട്ടുകൾ ഇതാ.
ഓണാവധിക്ക് കുടുംബത്തോടൊപ്പം ട്രിപ്പടിക്കാൻ പദ്ധതിയിട്ടവർ ഒട്ടേറെയുണ്ടാകും. ഇത്തവണ പതിവ് സ്ഥലങ്ങളിൽ നിന്നൊന്ന് മാറ്റിപ്പിടിച്ചാലോ? പത്തനംതിട്ട ജില്ലയിലെ എട്ട് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ അറിയാം.
*കോന്നി ആനത്താവളം*
നാല് ആനകളാണ് കോന്നി ആനത്താവളം ഇക്കോടൂറിസം കേന്ദ്രത്തിലുള്ളത്. ആന മ്യൂസിയം, ആർട്ട് ഗാലറി, ത്രീ ഡി തിേയറ്റർ, കുട്ടികളുടെ ചെറിയ പാർക്ക് എന്നിവയുമുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനം. 60,40 രൂപ നിരക്കിലാണ് ടിക്കറ്റുകൾ. ഓൺലൈൻ പെയ്മെന്റുകൾ മാത്രമേയുള്ളൂ. തിങ്കളാഴ്ച അവധിദിവസമാണ്. തിരുവോണവും അവധിയാണ്.
*അടവി*
കല്ലാർനദിയിലെ കുട്ടവഞ്ചി സവാരിയാണ് പ്രധാനാകർഷണം. പ്രവർത്തനസമയം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ. 400 രൂപ ടിക്കറ്റ് എടുത്താൽ നാലുപേർക്ക് കുട്ടവഞ്ചിയിലിരുന്ന് കല്ലാറ്റിലൂടെ സഞ്ചരിക്കാം. വനവിഭവങ്ങൾ ലഭിക്കുന്ന ഇക്കോഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. കോന്നിയിൽനിന്ന് 13 കിലോമീറ്റർ അകലെ. തണ്ണിത്തോട് റോഡിൽ മുണ്ടോമൂഴി പാലത്തിൽനിന്ന് ഒരുകിലോമീറ്റർ മണ്ണീറ റോഡിൽ സഞ്ചരിച്ചാൽ അടവിലെത്താം. തിരുവോണത്തിന് അവധി.
*തെക്കൻ തിരുമലക്കോവിൽ*
തമിഴ്നാട്ടിലെ തിരുമലക്കോവിൽ എന്നതുപോലെ സഞ്ചാരികളെ ആകർഷിക്കുന്നിടമാണ് അതിരുങ്കൽ പടപ്പാറ ബാലമുരുക ക്ഷേത്രം. വിശാലമായ പാറപ്പുറത്ത് നിർമിച്ചിട്ടുള്ള ക്ഷേത്രത്തിലേക്ക് രാവിലെയോ വൈകീട്ടോ എത്തിയാൽ മനോഹരമായ കാഴ്ചകളും ആസ്വദിക്കാം. പാറപ്പുറത്ത് വാഹനം എത്തും. അതിരുങ്കൽ കുളത്തുമൺ എസ്എൻഡിപി ജങ്ഷനിൽനിന്ന് വലത്തോട്ട് കയറിയാൽ വാഹനവുമായി പടപ്പാറയിൽ എത്താം.
*ഉരക്കുഴി വെള്ളച്ചാട്ടം*
പത്തനംതിട്ട-പുനലൂർ റോഡിൽ കൂടൽ ജങ്ഷനിൽനിന്ന് നാല് കിലോമീറ്റർ ദൂരത്തിൽ തോട്ടത്തിന് നടുക്കായി സ്ഥിതി ചെയ്യുന്നിടമാണ് ഈരക്കുഴി വെള്ളച്ചാട്ടം. തട്ടുതട്ടുകളായി വെള്ളം ചിതറിവീഴുന്ന ഇവിടേക്ക് സഞ്ചാരികളുടെ തിരക്കാണ്.
*ആതിരമല*
കുരമ്പാല ആതിരമലമുകളിലേക്ക് എത്തിയാൽ ചുറ്റും പച്ചപുതച്ചു കിടക്കുന്ന കൊച്ചുമലകളും താഴെ കതിർനിരന്നു നിൽക്കുന്ന കൊടുമാങ്ങൽ പാടവും കാണാം. അസ്തമയം ആസ്വദിക്കുന്നതിനൊപ്പം മലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്ന ആതിരമല ശിവപാർവതീ ക്ഷേത്രത്തിൽ ദർശനവും നടത്താം.
പന്തളത്തുനിന്ന് എം.സി.റോഡിലൂടെ അടൂരിലേക്കുപോകുന്ന വഴിയിൽനിന്ന് തിരിഞ്ഞ് പഴകുളം റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ആതിരമലയുടെ അടിവാരത്തിലെത്താം. പറന്തൽ കവലയ്ക്കുസമീപത്തുനിന്നും തിരിഞ്ഞാലും ഇവിടേക്കെത്താം.
*അരുവിക്കുഴി വെള്ളച്ചാട്ടം*
തോട്ടപ്പുഴശേരി പഞ്ചായത്തിലെ അഞ്ചാംവാർഡിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. ഇടതൂർന്ന പച്ചപ്പിനു നടുവിൽ ശാന്തമായൊഴുകുന്ന അരുവി മഴക്കാലത്ത് സജീവമാകും. പാറക്കെട്ടുകൾക്ക് മുകളിലൂടെ പലതട്ടുകളായി വീണൊഴുകുന്ന ജലപാതവും വൻമരങ്ങൾ തീർക്കുന്ന ശീതളിമയും ഹൃദ്യമായ അനുഭവമാക്കുന്നു. അപകട സാധ്യതയില്ല. ചരൽക്കുന്ന് മലയുടെ കിഴക്കുഭാഗത്തുനിന്ന് ഉദ്ഭവിച്ച് നാല് കിലോമീറ്ററോളം ഒഴുകി പമ്പാനദിയിൽ എത്തിച്ചേരുന്നതാണ് അരുവിക്കുഴി.
*പെരുന്തേനരുവി*
പമ്പാനദിയിൽ പാറക്കൂട്ടങ്ങൾക്കിടയിലെ വെള്ളച്ചാട്ടവും കാനനഭംഗി, പെരുന്തേനരുവി ഡാം എന്നിവയാണ് പ്രധാന ആകർഷണം. ടിക്കറ്റോ നിയന്ത്രണമോ ഇല്ല. എന്നാൽ നദിയിൽ ഇറങ്ങുന്നത് അപകടകരമാണ്. വെച്ചൂച്ചിറയിൽനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ച് പെരുന്തേനരുവിയെത്താം.
*കരിങ്ങാലിപ്പാടം*
നടുവിലെ പച്ചത്തുരുത്തുകൾ, തുരുത്തിലേക്കെത്താൻ പാടം കീറിമുറിച്ചുകടന്നുപോകുന്ന പാത, പാടത്തിനിടയിലൂടെ ഒഴുകുന്ന നീർച്ചാലുകൾ, നീർച്ചാലിലും ചതുപ്പിലും ഇരതേടുന്ന ദേശാടകരുൾപ്പെടെയുള്ള നീർപക്ഷികൾ. ഇളംകാറ്റിൽ വിശ്രമത്തിനൊപ്പം കരിങ്ങാലിപ്പാടത്തിന്റെ പടിഞ്ഞാറേയറ്റത്ത് അസ്തമയ സൂര്യനേക്കണ്ട് മടങ്ങാം. പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി കവലയ്ക്കും അറത്തിൽ മുക്കിനും ഇടയിലുള്ള പൂളയിൽ കവലയിൽനിന്ന് തിരിഞ്ഞാൽ ചേരിക്കലിൽ എത്തിച്ചേരാം.

