ഡ്രൈവർ മദ്യലഹരിയിൽ; എസ്‌യുവി ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം, 22 പേർക്ക് പരിക്ക്
റായ്പുര്‍: (10visionnews.com)ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 22 പേര്‍ക്ക് പരിക്കേറ്റു. വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. ജാഷ്പൂർ ജില്ലയിൽ ബഗിച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് ഗണേശോത്സവത്തിനിടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. മറ്റുള്ളവരെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ അറസ്റ്റുചെയ്തിട്ടുണ്ട്. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് പൊലീസിന്‍റെ പിടിയിലായത്.uj അപകടത്തിനിടയാക്കിയ വാഹനം പൊലീസ് പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

