പൊലീസ് അതിക്രമങ്ങൾ പൗരന് നീതി ലഭിക്കാൻ പരാതിപ്പെടേണ്ടത് എങ്ങിനെ? മുന്നിട്ടിറങ്ങുക വഴികൾ പലതുണ്ട്.
തിരുവനന്തപുരം |പൊലീസ് അതിക്രമം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും വ്യാപകമായി പുറത്തു വരുമ്പോള്‍ ഏതൊക്കെ തരത്തിലാണ് പൊതുജനങ്ങള്‍ക്ക് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്നതെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. പൗരന്റെ അടിസ്ഥാന അവകാശം പൊലീസ് ലംഘിക്കുകയാണെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കാം. കുട്ടികളോ സ്ത്രീകളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും പരാതിപ്പെടാം. അഭിഭാഷകന്റെ സഹായമില്ലാതെ തന്നെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കാം. ഇതിനു ഫീസ് നല്‍കേണ്ട കാര്യമില്ല. കമ്മിഷന് ആവശ്യമെങ്കില്‍ ഫോണിലൂടെയുള്ള പരാതിയും സ്വീകരിക്കാം. ഇ മെയില്‍ വഴിയും പരാതി നല്‍കാം.
വിലാസം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ടര്‍ബോ പ്ലസ് ടവര്‍, പിഎംജി ജംക്ഷന്‍, തിരുവനന്തപുരം- 33, ഫോണ്‍: 0471-2307263. ഇമെയില്‍- hrckeralatvm@gmail.com
പൊലീസിന്റെ ഭാഗത്തു നിന്ന് മൗലികാവകാശ ലംഘനമുണ്ടായാല്‍ പൗരന് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ സ്വകാര്യ അന്യായം നേരിട്ടു ഫയല്‍ ചെയ്യാം. ക്രിമിനല്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യപ്പെട്ടാല്‍ മജിസ്‌ട്രേട്ടിന് ഏതെങ്കിലും അഭിഭാഷകനെ ഉള്‍പ്പെടെ അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കാന്‍ അധികാരമുണ്ട്. കോടതിയില്‍ അപേക്ഷിച്ച് സേര്‍ച്ച് വാറന്റ് കൂടി പുറപ്പെടുവിച്ചാല്‍, കോടതി നിയോഗിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് പൊലീസ് സ്‌റ്റേഷനില്‍ പരിശോധന നടത്തി ദൃശ്യങ്ങളും രേഖകളും പിടിച്ചെടുക്കാനും പരിശോധിക്കാനും അധികാരം ലഭിക്കും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുമ്പോള്‍ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെതിരായ തെളിവായി അതു മാറും.
ഇതിനൊപ്പം പരാതിക്കാരന് പൊലീസ് കംപ്ലെയിന്‍സ് അതോറിറ്റിയെയും സമീപിക്കാൻ കഴിയും. എല്ലാ ജില്ലകളിലും സംസ്ഥാന തലത്തിലുമായി രണ്ടു ശാഖകളാണ് അതോറിറ്റിക്കുള്ളത്. ഡിവൈഎസ്പിക്കും അതില്‍ താഴെയുമുള്ള ഓഫിസര്‍മാര്‍ക്കെതിരെ ഉള്ള പരാതികള്‍ ജില്ലാ തലത്തിലും എസ്പിക്കും അതിനു മുകളിലുള്ളവര്‍ക്കും എതിരായ പരാതികള്‍ സംസ്ഥാന അതോറിറ്റിക്കുമാണ് നല്‍കേണ്ടത്. കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലാതല അതോറിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.
ചെയര്‍മാൻ, ജില്ലാ പൊലീസ് കംപ്ലെയിന്റ്‌സ് അതോറ്റി എന്നെഴുതി കലക്ടറേറ്റ് വിലാസത്തില്‍ അയയ്ക്കണം. സംസ്ഥാന അതോറിറ്റിയുടെ വിലാസം: ചെയര്‍പഴ്‌സന്‍, സംസ്ഥാന പൊലീസ് കംപ്ലെയിന്റസ് അതോറിറ്റി, ടാഗോര്‍ നഗര്‍ ലെയിന്‍, വഴുതയ്ക്കാട്, തിരുവനന്തപുരം – 695014
സിവില്‍ കോടതിയുടെ അധികാരങ്ങളാണ് അതോറിറ്റിക്കുള്ളത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാം. കേരളാ പൊലീസ് ആക്ട് 112–ാം വകുപ്പ് പ്രകാരം അതോറിറ്റിക്കു പരാതി ലഭിച്ചാല്‍ അന്വേഷണത്തിനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കാം. പരാതിക്കാരനെ വിളിച്ചു വരുത്തി മൊഴിയെടുക്കും. തുടര്‍ന്ന് കുറ്റാരോപിതനില്‍ നിന്നു വിശദീകരണം തേടും. ആവശ്യമെങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ സഹായം തേടാനും അതോറിറ്റിക്കു കഴിയും. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വകുപ്പുതല അന്വേഷണം നടത്തണോ അല്ലെങ്കില്‍ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണോ എന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.
റിട്ട. ഹൈക്കോടതി ജഡ്ജി ചെയര്‍പഴ്‌സണ്‍ ആയാണ് സംസ്ഥാന അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, ഡിജിപിതലത്തില്‍ കുറയാത്ത ഒരുദ്യോഗസ്ഥന്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഐജി റാങ്കില്‍ കുറയാത്ത വിരമിച്ച ഉദ്യോഗസ്ഥരുടെ മൂന്നംഗ പാനലില്‍നിന്ന് പ്രതിക്ഷ നേതാവുമായി ആലോചിച്ച് സര്‍ക്കാര്‍ നിയോഗിക്കുന്ന ആള്‍, ലോകായുക്ത നിര്‍ദേശിക്കുന്ന വിരമിച്ച ജില്ലാ ജഡ്ജിമാരുടെ മൂന്നംഗ പാനലില്‍നിന്ന് പ്രതിക്ഷ നേതാവുമായി ആലോചിച്ച് സര്‍ക്കാര്‍ നിയോഗിക്കുന്ന ആള്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ജില്ലാ അതോറിറ്റിയിലും വിരമിച്ച ജഡ്ജിയാവും അധ്യക്ഷന്‍. ജില്ലാ കലക്ടറും എസ്പിയും അംഗങ്ങളായിരിക്കും.

