ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽ
ന്യൂഡെൽഹി:ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്ക് സേവനനികുതി കുറയ്ക്കാനുള്ള നിർദേശം 22ന് നിലവിൽ വരുമെന്ന് ദേശീയ മരുന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) അറിയിച്ചു.
ജിഎസ്ടി പുതിയ നിരക്കനുസരിച്ച് മരുന്ന് കമ്പനികൾ ചില്ലറവിൽപനവില പരിഷ്കരിക്കണം. നിലവിൽ കടകളിലുള്ള മരുന്നുകൾ തിരികെ വിളിച്ച് പുതിയ വില പതിപ്പിക്കേണ്ടതില്ല. എന്നാൽ പുതുക്കിയ വിലനിരക്കിലാകണം ഇവ വിൽക്കേണ്ടത്. ജിഎസ്ടി നിരക്കുകൾ കുറച്ചതിനെക്കുറിച്ചും പുതുക്കിയ വിലയെക്കുറിച്ചും പത്രമാധ്യമങ്ങളിൽ പരസ്യം നൽകണമെന്നും മരുന്ന് കമ്പനികൾക്ക് നിർദേശമുണ്ട്.
33 ജീവൻരക്ഷാ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്നു പൂജ്യമായാണ് കുറച്ചിരിക്കുന്നത്. 5% ജിഎസ്ടിയുണ്ടായിരുന്ന 3 ജനിതക രോഗ മരുന്നുകളുടെ ചരക്ക് സേവനനികുതി പൂജ്യമാക്കിയിട്ടുണ്ട്. ഒപ്പം മെഡിക്കൽ ഉപകരണങ്ങളുടെയും ആംബുലൻസിന്റെയും ജിഎസ്ടി നിരക്ക് കുറച്ചു.

