അമീബിക് മസ്തിഷ്ക ജ്വരം;11 കാരി ആശുപത്രി വിട്ടു. ജില്ലയിൽ ചികിത്സയിൽ 10 പേർ.

 

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.

ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുൻപ് പ്രദേശത്തെ ഒരു നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്.

പകർച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. സർക്കാർ മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു. ശാസ്ത്രീയമായി മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി. തെറ്റായ പ്രചാരണം ആസൂത്രിതമായി നടത്തുന്നുവെന്നും പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും മന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് ഗൈഡ്‌ലൈൻ രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെക്‌നിക്കൽ ഗൈഡ് ലൈൻ അടക്കം രൂപീകരിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *