ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്നത് ഗ്യാനേഷ് കുമാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു’;രാഹുൽഗാന്ധി
നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ അലന്ത് നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടാന്‍ നടത്തിയ നീക്കങ്ങളും രാഹുല്‍ ഗാന്ധി ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. ഇത്തരത്തില്‍ കര്‍ണാടകയിലെ ആലന്ദില്‍ നിന്നും 6,018 വോട്ടുകള്‍ ഒഴിവാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തു.
വ്യാജ ഐ.ഡികളില്‍ നിന്നും ലോഗിന്‍ ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടുകള്‍ നീക്കിയതെന്നും വോട്ട് കൊള്ളയ്ക്ക് തന്റെ പക്കല്‍ 101 ശതമാനം തെളിവുകളുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

സൂര്യകാന്ത് എന്നയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 12 വോട്ടുകള്‍ നീക്കി. ഏറ്റവുമധികം വോട്ടുകള്‍ വെട്ടിയ ബൂത്തുകള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും രാഹുല്‍ വ്യക്തമാക്കി.
അട്ടിമറി നടത്തുന്നത് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായി അറിയാം. കര്‍ണാടക സി.ഐ.ഡിക്ക് തെളിവുകള്‍ നല്‍കാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണം. ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കുന്നവരെ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കരുത്,’ രാഹുല്‍ വിമര്‍ശിച്ചു.

