ഗസ്സ സിറ്റി പിടിക്കാൻ കനത്ത ആക്രമണം; 5 ലക്ഷം പേർ പാലായനം ചെയ്തു. പട്ടിണിക്കിട്ട് 441 മരണം.
അവിവ്:
അഞ്ച് ലക്ഷം പേർ പാലായനം ചെയ്ത ഗസ്സ സിറ്റി പിടിക്കാൻ സിവിലിയൻ കുരുതിയും മാരക ആക്രമണങ്ങളും തുടർന്ന് ഇസ്രായേൽ. 43 പേരെയാണ് അവസാന മണിക്കൂറുകളിൽ കൊലപ്പെടുത്തിയത്. ഇസ്രായേലിന്റെ പട്ടിണിക്കൊലയിൽ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അതിക്രമം രൂക്ഷമാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന ഫ്രാൻസിന്റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.

ഗസ്സ സിറ്റിക്ക് നേരെയുള്ള ഇസ്രായേലിന്റെ നിരന്തര ആക്രമണം മൂലം ഇതിനകം 5 ലക്ഷം പേർ പലായനം ചെയ്തെന്ന് റിപ്പോർട്ട്. ഇപ്പോഴും ഗസ്സ സിറ്റിയിൽ ലക്ഷങ്ങളാണ് കഴിയുന്നത്. വ്യാപക വ്യോമാക്രമണവും കരയുദ്ധവും മൂലം ഗസ്സ സിറ്റിയിൽ സിവിലിയൻ സുരക്ഷ പാടെ ഇല്ലാതായെന്ന് യുഎൻ ഏജൻസികൾ വ്യക്തമാക്കി. ഇന്നലെ 43 പേർ കൊല്ലപ്പെട്ടു. ഭക്ഷ്യസഹായം പൂർണമായും നിലച്ചതിനു പുറമെ ഇവിടെയുള്ള ആശുപത്രികളുടെ പ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്. 24 മാസങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇസ്രായേൽ ഗസ്സ സിറ്റിക്ക് നേരെ നടത്തുന്നത്. വ്യോമാക്രമണത്തിനു പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങളാണ്തകർക്കുന്നത്.ഒരു കുഞ്ഞ് കൂടി മരിച്ചതോടെ പട്ടിണിക്കൊലയിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 441 ആയി. ഇതിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അമേരിക്ക. പുതുതായി 6 ബില്യൻ ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിന്റെ അനുമതിക്ക് സമർപ്പിച്ചതായി വാൻ സ്ട്രീറ്റ് ജർണൽ റിപ്പോർട്ട് ചെയ്തു.

