ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്കി ഹമാസ് .

ഗാസ: ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരിൽ ‘വിടവാങ്ങൽ’ പോസ്റ്റർ ഒരുക്ക ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാൽപ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങൽ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററിൽ കാണാനാകുന്നത്. ഗാസയിൽ ഇസ്രയേൽ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
1986-ൽ ലെബനനിൽ കാണാതാവുകയും പിന്നീട് 2016-ൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോൺ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികൾക്കും ഹമാസ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റോൺ അരാദ് 1, റോൺ അരാദ് 2, റോൺ അരാദ് 3….. എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടവരുടേയും മരിച്ചവരുടേയും ചിത്രങ്ങൾക്ക് താഴെയുള്ള പേര്. ഖസം ബ്രിഗേഡ് ആണ് ശനിയാഴ്ച ഈ ചിത്രം ഓൺലൈനിൽ പങ്കുവെച്ചതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ വഴങ്ങലും കാരണം ഗാസ സിറ്റിയിൽ സൈനിക നടപടി ആരംഭിക്കുമ്പോൾ ഒരു വിടവാങ്ങൽ ചിത്രമെന്നാണ് ഇതിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുള്ള കരാർ നിരന്തരം നെതന്യാഹു നിരസിക്കുന്നതിനേയും എതിർപ്പുകൾക്കിടയിലും ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീറിന്റെ നേതൃത്വത്തിൽ നടത്തുന്ന കര-വ്യോമ ആക്രമണങ്ങളെക്കുറിച്ചുള്ള പരാമർശമാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു.

20 ബന്ദികൾ ഇപ്പോഴും ഗാസയിൽ ജീവനോടെ ഉണ്ട് എന്നാണ് ഇസ്രയേൽ അധികൃതർ പറയുന്നത്. എന്നാൽ 20 -ൽ താഴെ പേർ മാത്രമായിരിക്കാം ജീവിച്ചരിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളാക്കപ്പെട്ടവരെ തിരികെ എത്തിക്കുമെന്നും ട്രംപും നെതന്യാഹുവും നിരന്തരം പറയുന്നതിനിടെയാണ് വിടവാങ്ങൽ ചിത്രമെന്ന പോസ്റ്റർ ഒരുക്കി ഹമാസ് നേതാക്കൾ ഇപ്പോൾ ഓൺലൈനിൽ ബന്ദികളുടെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്
ഇസ്രയേൽ ഗാസയിൽ ശക്തമായ കരയാക്രമണം നടത്തുന്നതിനിടെ ബന്ദികളാക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്ന് ഹമാസ് നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഗാസയിൽ കരയാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ.

Leave a Reply

Your email address will not be published. Required fields are marked *