രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് മർദ്ദനം, മധ്യപ്രദേശ് സ്വദേശിയായ മുസ്ലിം യുവാവ് കൊല്ലപ്പെട്ടു;
ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശ് സ്വദേശിയെ അടിച്ചുകൊന്നതായി പരാതി. മധ്യപ്രദേശിലെ മന്ദ്‌സൊര്‍ സ്വദേശിയായ 32കാരന്‍ ഷെരു സുസാദിയയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ 16നാണ് സംഭവം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭില്‍വാര പൊലീസ് വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ വധശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, കൊള്ളയടിക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ ചുമത്തിയത്. ഷെരു സുസാദിയയുടെ ബന്ധുവായ മന്‍സൂര്‍ പേംലയാണ് പൊലീസിന് പരാതി നല്‍കിയത്. ഷെരു സുസാദിയ മൊഹ്‌സിന്‍ ഡോള്‍ എന്ന സുഹൃത്തുമായി ഭില്‍വാരയിലെ ലാംമ്പിയ കന്നുകാലി മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി തിരിച്ചു വരുന്ന വഴിയാണ് അക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു വാഹനം ഇവരെ പിന്തുടരുകയും പിന്നീട് തടയുകയുമായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘അവര്‍ ഷെരുവിനെയും മൊഹ്‌സിനെയും വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്തു. ഇരുവരും പശുവിനെ കൊന്നുവെന്ന് അക്രമികള്‍ പറഞ്ഞു. ഒരു മേളയില്‍ നിന്നും വളര്‍ത്താനായി കന്നുകാലികളെ വാങ്ങിയതാണെന്ന് ഇരുവരും പറഞ്ഞെങ്കിലും വാഹനത്തില്‍ വന്നവര്‍ അത് കേട്ടില്ല’, പരാതിയില്‍ പറയുന്നു.
മൊഹ്‌സിന് അവിടെ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്നും അക്രമികള്‍ ഷെരുവിനെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 36,000 രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഷെരുവിനെ ജീവനോടെ കാണണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അക്രമികള്‍ ഷെരുവിന്റെ ഫോണില്‍ നിന്നും തന്നെ വിളിച്ചെന്നും ബന്ധു പരാതിയില്‍ സൂചിപ്പിച്ചു.

