പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി

കോഴിക്കോട്: പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് ഒരുകൂട്ടം പെണ്‍കുട്ടികളെ പെരുവഴയിലാക്കിയ സംഭവം നടന്നത്. രാവിലെ തങ്ങള്‍ ജോലി സ്ഥലത്തേക്കും കോളേജുകളിലേക്കും പോയ സമയത്ത് വീട്ടുടമ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
വീടിന്റെ ഉടമസ്ഥനില്‍ നിന്നും കെട്ടിടം വാടകയ്‌ക്കെടുത്തയാള്‍ മറ്റൊരു യുവതിക്ക് ഹോസ്റ്റല്‍ നടത്താനായി നല്‍കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ യുവതി താമസക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു.
വൈകീട്ടോടെ ഇവരെല്ലാം തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലം പൂട്ടിയിരിക്കുന്നതായി കണ്ടത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും വീട്ടിനകത്തായതിനാല്‍ ഇവര്‍ക്ക് വസ്ത്രം മാറാന്‍ പോലും സാധിച്ചില്ല. ഒടുവില്‍ രാത്രി കാളൂര്‍ റോഡിലെ മറ്റൊരു ഹോസ്റ്റലില്‍ ഇവരെ താല്‍ക്കാലികമായി പാര്‍പ്പിക്കുകയായിരുന്നു.
അടുത്ത ദിവസം രാത്രിയോടെ കസബ പോലീസിന്റെ നേതൃത്വത്തില്‍ ഇവര്‍ താമസിച്ചിരുന്ന വീട് തുറക്കുകയും മുഴുവന്‍ സാധനങ്ങളും എടുക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. വാടക കൃത്യമായി നല്‍കിയിരുന്നുവെന്നും ഹോസ്റ്റല്‍ എന്തുകൊണ്ട് പൂട്ടിയെന്ന് അറിയില്ലെന്നുമാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *