ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍.

തിരുവനന്തപുരം:
ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്’’. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയാണ് ബാലരാമപുരം പോലീസ്് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതിയാക്കിയാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാണ് ശ്രീതുവിനെ പിടികൂടിയത്.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീതുവിന്റെ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
അതിനിടെ കുട്ടിയുടെയും പിതാവിന്റെയും ഡിഎന്‍എ തമ്മില്‍ ബന്ധമില്ലെന്ന് പരിശോധനയില്‍. സഹോദരന്‍ ഹരികുമാറിന്റെ ഡിഎന്‍എ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നാലിലധികം പേരുടെ ഡിഎന്‍എ സാംപിളുകളാണ് പരിശോധിച്ചിരുന്നത്.
ഈ വര്‍ഷം ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ കേസ്. താനാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു ഹരികുമാറിന്റെ നേരത്തെയുള്ള മൊഴി. ഈ മൊഴിയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ ശ്രീതുവിന്റെ പങ്ക് വെളിപ്പെടുത്തിയത്.
യുവതിക്കെതിരേ നേരത്തേ സാമ്പത്തിക തട്ടിപ്പിനും പോലീസ് കേസെടുത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *