തദ്ദേശ തെരഞെടുപ്പ്; ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു.ഒക്ടോബർ 14 വരെ വട്ടർ പട്ടികയിൽ പേരു ചേർക്കാം

കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.
2025 സെപ്റ്റംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *