പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട :പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു.
മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ഒട്ടും വൈകാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം

മുറിവ് കഴുകുക: കടിയേറ്റ മുറിവ് ഉടൻതന്നെ, ഒഴുകുന്ന വെള്ളത്തിലും സോപ്പിലും വെച്ച് കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി കഴുകുക. ഇത് വൈറസിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വൈദ്യസഹായം തേടുക: മുറിവ് എത്ര ചെറുതാണെങ്കിൽ പോലും ഉടൻതന്നെ ഒരു ഡോക്ടറെ കാണുക.

വാക്സിനേഷനും ഇമ്മ്യൂണോഗ്ലോബുലിനും: ഡോക്ടറുടെ നിർദ്ദേശപ്രകാരം താഴെ പറയുന്ന ചികിത്സകൾ എടുക്കണം:

റാബീസ് വാക്സിൻ: കുറഞ്ഞത് നാല് ഡോസുകൾ നിശ്ചിത ദിവസങ്ങളിൽ (0, 3, 7, 14 അല്ലെങ്കിൽ 28 ദിവസങ്ങളിൽ) എടുക്കണം.
റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (RIG): മുറിവിന് ആഴമുണ്ടെങ്കിൽ, ആദ്യ ഡോസ് വാക്സിനേഷനൊപ്പം മുറിവിന് ചുറ്റും ഈ ആന്റിബോഡി കുത്തിവെപ്പ് എടുക്കുന്നത് നിർബന്ധമാണ്.
മൃഗത്തെ നിരീക്ഷിക്കുക: കടിച്ച മൃഗത്തെ 10 ദിവസം നിരീക്ഷിക്കുന്നത് നല്ലതാണ്. മൃഗം ഈ ദിവസങ്ങൾക്കുള്ളിൽ മരിക്കുകയോ രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ ചികിത്സ തുടരണം
വളർത്തുമൃഗങ്ങൾക്ക് വാക്സിൻ: നായകൾക്കും പൂച്ചകൾക്കും പേവിഷബാധ പ്രതിരോധ വാക്സിൻ കൃത്യ സമയത്ത് നൽകുക.

അജ്ഞാത മൃഗങ്ങളുമായി അകലം: തെരുവ് നായ്ക്കളുമായോ മറ്റ് വന്യമൃഗങ്ങളുമായോ സമ്പർക്കം ഒഴിവാക്കുക.

മുൻകരുതൽ വാക്സിൻ (PrEP): മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർ (വെറ്ററിനറി ഡോക്ടർമാർ, മൃഗശാല ജീവനക്കാർ) മുൻകരുതലെന്ന നിലയിൽ വാക്സിൻ എടുക്കണം

Leave a Reply

Your email address will not be published. Required fields are marked *