യു.പിയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ വീട്ടുകാർ മർദ്ദിച്ചു കൊന്നു, പിന്നാലെ സ്വയം കഴുത്തറുത്ത യുവതി ഗുരുതരാവസ്ഥയിൽ
ലഖ്നോ : യുവതിയെ കാണാനെത്തിയ യുവാവിനെ വീട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച് കൊന്നു. പിന്നാലെ, യുവതി സ്വയം കഴുത്തറുത്തു. ഇതിനിടെ മർദനത്തിന് നേതൃത്വം നൽകിയ യുവതിയുടെ അമ്മാവൻ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ആത്മഹത്യക്ക് ശ്രമിച്ചു.
ഉത്തർപ്രദേശിലെ ഹരിംപുരാണ് സംഭവം. ഹരിംപൂർ സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രവിയും പർച്ച സ്വദേശിനിയായ മനീഷയും (18) തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ, യുവതിയുടെ വീട്ടുകാർ ഇവരെ നിർബന്ധിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകാൻ തീരുമാനിച്ചു. വിവരമറിഞ്ഞ യുവാവ് യുവതിയെ കാണാൻ വീട്ടിലേക്ക് എത്തുകയായിരുന്നു.
ഇതിനിടെ, യുവതിയുടെ അമ്മാവനായ പിന്റുവിന്റെ (35) നേതൃത്വത്തിൽ ആൾക്കൂട്ടം ഇയാളെ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു. അവശനായ യുവാവ് വെള്ളത്തിനായി കരഞ്ഞപേക്ഷിച്ചിട്ടും ആൾക്കൂട്ടം നൽകിയില്ല. ഇയാൾ മരിച്ചതോടെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പിന്റു, കൊലക്കുറ്റത്തിന് പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രവിയെയും പിന്റുവിനെയും ആശുപത്രിയിലേക്ക് മാറ്റി. രവിയുടെ മരണം സ്ഥിരീകരിച്ച അധികൃതർ പിന്റുവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും വ്യക്തമാക്കി. അതേസമയം, രവി കൊല്ലപ്പെട്ടതറിഞ്ഞ മനീഷ കത്തികൊണ്ട് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

