വോട്ടില്ലാത്തവർ പ്രതിഷേധിക്കുന്നു, കൊടുവള്ളി നഗര സഭ സെക്രട്ടറി അവധിയിൽ
കൊടുവളളി∙ നഗരസഭയിൽ അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാതെ പുറത്തായവർ കൂട്ടത്തോടെയെത്തി നഗരസഭാ ഓഫിസിൽ പ്രതിഷേധിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതു മുതൽ നഗരസഭാ സെക്രട്ടറി അവധിയിലാണ്. തിങ്കളാഴ്ച വോട്ടർപട്ടികയിൽ നിന്നു പുറത്തായവർ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു.
വോട്ട് ചേർത്തതിന്റേയോ മാറ്റിയതിന്റെയോ രേഖകളില്ലെന്ന് നഗരസഭാ അസി.സെക്രട്ടറിയുടെ കത്ത്. മുപ്പത്തിയേഴ് വാർഡുകളിലെ രേഖകളോ നോട്ടീസോ ഓഫീസിലില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം.
നിയപരമായ നടപടികളൊന്നും തന്നെ പാലിക്കാതെയാണ് വോട്ടർ പട്ടികയിലെ രേഖകൾ കൈകാര്യം ചെയ്തതെന്നാണ് പ്രാഥമികമായ വിവരം. തങ്ങളുടെ വോട്ടുകൾ എവിടെയെന്ന് ചോദിച്ച് നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. നഗരസഭയുടെ പരിധിയിൽ വരുന്ന നിരവധിയാളുകളുടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റിയതാണ് രേഖകൾ കാണായതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തരത്തിൽ നിരവധിയാളുകളെ കൂട്ടത്തോടെ വോട്ട് മാറ്റുമ്പോൾ സ്വാഭാവികമായും ഇവരുടെ രേഖകൾ സൂക്ഷിക്കാൻ നഗരസഭയ്ക്ക് നിയമപരമായി ബാധ്യതയുണ്ട്. ഇത് പാലിക്കാതെയാണ് നഗരസഭയിലെ അധികൃതർ നടപടിയെടുത്തിരിക്കുന്നത്.
നേരത്തെ, കൊടുവള്ളി നഗരസഭ പരിധിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ആരോപിച്ചിരുന്നു. യുഡിഎഫ് സ്വാധീനമുള്ള ഡിവിഷനിലേക്ക് കൂടുതൽ വോട്ടുകൾ ചേർത്തെന്നാണ് ആരോപണം. 26ാം ഡിവിഷനിൽ നിന്ന് 329 വോട്ടർമാരെ 28ാം ഡിവിഷനിലേക്ക് മാറ്റി. ഇതോടെ 26 ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 700 ആയി കുറഞ്ഞു. ഇവിടെ വോട്ടർമാരെ കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.

