സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.
സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു
തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ്
ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം∙സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയുടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി അപകടനില തരണം ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പുറത്തുവന്ന മൂന്ന് ആത്മഹത്യ കുറിപ്പുകളാണ് ആർഎസ്എസ്, ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്.
ആർ. എസ്. എസ് കാരനായതാണ് ഏറ്റവും വലിയ തെറ്റ് എന്നാണ് തൃക്കണാപുരം സീറ്റ് നിഷേധിച്ചതിൽ ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ കുറിപ്പ് . സമാന രീതിയിൽ തന്നെയാണ് മറ്റു കുറിപ്പുകളും
ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത അനന്തു അജി, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തിരുമല അനിൽ, തിരുവനന്തപുരത്തെ തന്നെ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ ആനന്ദ് കെ. തമ്പി ഇവരുടെ ആത്മഹത്യകളും മരണങ്ങളുടെ കാരണങ്ങൾ പറയുന്ന കുറിപ്പുകളുമാണ് ബിജെപി,ആർഎസ്എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി ജില്ല ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിന്റെ ആത്മഹത്യ ബിജെപി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കി. വാർഡ് കമ്മിറ്റി ഓഫീസിലാണ് തിരുമല അനിൽ ആത്മഹത്യ ചെയ്തത്. അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ല ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് ആത്മഹത്യ. എന്നാൽ, പുറത്തുവന്ന ആത്മഹത്യ കുറിപ്പ് ബിജെപി നേതൃത്വത്തെ പിടിച്ചുലച്ചു. വായ്പ എടുത്ത പല നേതാക്കളും തിരിഞ്ഞ് നോക്കാതായതോടെയാണ് ജീവിതം പ്രതിസന്ധിയിലായി അനിൽ ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിലെ ‘ താൻ എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന ഭാഗം മാത്രമാണ് ആദ്യം പുറത്തുവന്നതെങ്കിലും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ആത്മഹത്യ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തു വെച്ചാണ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്ത് വെച്ച് ആത്മഹത്യ ചെയ്തത്. ആദ്യം ഒരു കുറിപ്പാണ് പുറത്തുവന്നതെങ്കിൽ ദിവസങ്ങൾക്ക് ശേഷം അനന്തു അജിയുടെ മരണമൊഴി എന്ന രീതിയിലുള്ള വിഡിയോ സന്ദേശവും പുറത്തുവന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
‘

