രാഹുൽ മാങ്കൂട്ടത്തിൻ്റെ മുൻകൂർ ജാമ്യം തള്ളി, കോൺഗ്രസ് പുറത്താക്കി.

തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിക്കുന്നത്. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളും കോടതി ഇന്നു പരിശോധിച്ചിരുന്നു. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്‌ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു
ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിസഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാന്‍ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകര്‍ത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്. യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്‌ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നുഭീഷണിയെന്നുംഫ്ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *