തലച്ചോറിലെ രക്തം കട്ടപിടിച്ചു, ജൂനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; 14 വിദ്യാർത്ഥികൾ പിടിയിൽ.
കുംഭകോണം:തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത് സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ഡിസംബർ 4ന് പട്ടീശ്വരത്തുള്ള ഗവൺമെൻ്റ് അരിഗ്നർ അണ്ണാ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
ക്ലാസുകൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 14 പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പ്രതികൾ മരവടി കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം കുംഭകോണം സർക്കാർ ആശുപത്രിയിലും പിന്നീട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച പുലർച്ചെ 2.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ 14 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി കേസ് ആദ്യം വധശ്രമത്തിനാണ് രജിസ്റ്റർ ചെയ്തതെങ്കിലും, പോസ്റ്റ്മോർട്ടത്തിന് ശേഷം ഇത് കൊലപാതകക്കുറ്റമായി മാറ്റുമെന്ന് പട്ടീശ്വരം പൊലീസ്.

