റോഡരികിൽ മരണത്തോട് മല്ലടിക്കുന്ന യുവാവിന് രക്ഷകരായി മൂന്നു ഡോക്ടർമാർ; സർജിക്കൽ ബ്ലേഡും ഫ്രൂട്ടിയുടെ സ്ട്രോയുമായി റോഡരുകിൽ വെച്ചു തന്നെ ശസ്ത്രക്രിയ.
കൊച്ചി: വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച് തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ
എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാർഡിയോവാസ്‌കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് അസാധാരണ സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കിയത്. സർജിക്കല്‍ ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും അപകടത്തില്‍പെട്ട യുവാവിന്റെ ജീവൻ രക്ഷിക്കാനായി റേസർ ബ്ലേഡും ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയും ഉപയോഗിച്ചായിരുന്നു അടിയന്തര ശസ്ത്രക്രിയ.
ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു പേർക്ക് പരിക്കേറ്റത്. ഇതില്‍ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തും പല്ലുകളിലും ഉണ്ടായ പരിക്കിനെ തുടർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം പൂർണമായി അടഞ്ഞ നിലയിലായിരുന്നു യുവാവ്. ശ്വാസം എടുക്കാൻ കഴിയാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ അവസ്ഥയിലേക്ക് നീങ്ങുമ്ബോഴാണ് വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ ഇടപെട്ടത്. ആശുപത്രിയിലേക്ക് എത്തിക്കാൻ സമയം പോരെന്ന തിരിച്ചറിവിലാണ്, വഴിയരികില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ശ്വാസനാളം തുറക്കാൻ തീരുമാനിച്ചത്.
നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ലഭിച്ച ഒരു റേസർ ബ്ലേഡും ശീതളപാനീയങ്ങള്‍ കുടിക്കാനുപയോഗിക്കുന്ന സ്‌ട്രോയും ഉപയോഗിച്ചായിരുന്നു സാധാരണയായി എമർജൻസി റൂമുകളില്‍ നടത്തുന്ന ‘സർജിക്കല്‍ ക്രിക്കോതൈറോട്ടോമി’ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ശ്വാസം വീണ്ടെടുത്ത യുവാവിനെ തുടർന്ന് വൈറ്റില വെല്‍കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംഭവത്തെക്കുറിച്ച് എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയയും പറയുന്നത് ഇങ്ങനെ:
കുടുംബത്തോടൊപ്പം അമ്മയുടെ വീട്ടില്‍ പോയിട്ട് വരുന്ന വഴിക്കാണ് ഒരു ബ്ലോക്ക് കണ്ടത്. വണ്ടി നിർത്തി നോക്കുമ്ബോഴേക്കും മേജർ ആക്‌സിഡന്റാണെന്ന് മനസിലായി. ആള്‍ക്കൂട്ടം കണ്ട് പോയി നോക്കുമ്ബോള്‍ അപകടത്തില്‍പ്പെട്ട ഒരാള്‍ റോഡരികില്‍ കിടപ്പുണ്ടായിരുന്നു.
ആളുടെ തലയിടിച്ചിട്ട് ചോര വരുന്നുണ്ടായിരുന്നു. പക്ഷേ, അയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുടെ ശ്വാസകോശത്തിന് പ്രശ്‌നം ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലായി. അപ്പോഴാണ് തൊട്ടടുത്ത് മറ്റൊരു ആള്‍ക്കൂട്ടം കൂടെ കണ്ടത്. നോക്കുമ്ബോള്‍ അയാളുടെ മുഖത്തിന് നല്ല രീതിയില്‍ പരിക്ക് പറ്റുകയും ചോരയും മണ്ണുമൊക്കെ ആയ അവസ്ഥയിലായിരുന്നു. അയാളുടെ കഴുത്ത് വേറൊരാള്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ചെയ്യുന്ന രീതിയിലാണ് അദ്ദേഹം പരിക്കേറ്റയാളുടെ കഴുത്ത് ഹോള്‍ഡ് ചെയ്തിരുന്നത്. അത് കണ്ടപ്പോള്‍ അദ്ദേഹത്തോട് വിവരം തിരക്കി. അപ്പോഴാണ് അദ്ദേഹവും ഡോക്ടറാണെന്നും മനൂപ് എന്നാണ് പേരെന്നും കോട്ടയം മെഡിക്കല്‍ കോളേജിലാണ് ജോലിചെയ്യുന്നതെന്നും അറിഞ്ഞത്.
അദ്ദേഹവും ഞങ്ങളെപ്പോലെ ആള്‍ക്കൂട്ടം കണ്ട് വണ്ടി നിർത്തി ഇറങ്ങിയതായിരുന്നു. അപ്പോഴേക്കും പരിക്കേറ്റയാള്‍ക്ക് ശ്വാസമെടുക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളും ഡോക്ടർമാർ ആണെന്ന് അറിഞ്ഞതോടെ ആളെ ഇങ്ങനെ വെച്ചുകൊണ്ടിരുന്നാല്‍ കിട്ടില്ല, നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാമെന്ന് ആ ഡോക്ടർ പറയുകയായിരുന്നു. ഒരു ശ്വാസകോശത്തിന് ഉള്ളിലേക്ക് ഒരു സ്‌ട്രോ വെച്ച് നമുക്ക് ട്രൈ ചെയ്തു നോക്കാം എന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ അടുത്തുള്ള ആള്‍ക്കാരോട് ബ്ലേഡ് കിട്ടുമോയെന്ന് ചോദിച്ചു. ഒരു സാധാ റേസറും പേപ്പർ സ്‌ട്രോയുമാണ് കിട്ടിയത്. അത് വെച്ച് ഒന്ന് ട്രൈ ചെയ്തു നോക്കാമെന്ന് തീരുമാനിച്ചു. പേപ്പർ സ്‌ട്രോ ഇത്തിരി പാടാണ്. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആരോ ഫ്രൂട്ടിയുടെ സ്‌ട്രോ കൊണ്ട് തന്നു. അത് വെച്ച് നമ്മള്‍ അത് റീപ്ലേസ് ചെയ്തു. ജീവൻ നിലനിർത്താൻ എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്‌തോളാൻ പോലീസുകാർ പറഞ്ഞിരുന്നു.
അവിടെ ഉണ്ടായിരുന്ന നാട്ടുകാരും നന്നായി സഹകരിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ആരും ഫോട്ടോയോ വീഡിയോ എടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഫ്‌ളാഷ് ലൈറ്റ് മാത്രം ഓണാക്കി നന്നായി ലൈറ്റ് തരണമെന്ന് പറഞ്ഞു. അങ്ങനെ നാട്ടുകാരും പോലീസും ആ സമയത്ത് എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. ബ്ലേഡും സ്‌ട്രോയുമെല്ലാം ഒരു ജീവൻ രക്ഷിക്കാനായി അവർ എവിടുന്നൊക്കെയോ കൊണ്ട് തരുകയായിരുന്നു. അപ്പോഴേക്കും ആംബുലൻസ് വരുകയും അയാളോടൊപ്പം മനൂപ് ഡോക്ടർ തന്നെ ആംബുലൻസില്‍ കയറി പോവുകയും ചെയ്തു

