വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും.

ഇടുക്കി:ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), ഇയാളുടെ കാമുകി കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നാണ് സൈബുവിന്റെ അമ്മയുടെ അമ്മയായ രാജകുമാരി നടുമറ്റം പാലക്കുന്നേൽ മറിയക്കുട്ടി(80)യെ കെട്ടിയിട്ട് സ്വർണമോതിരങ്ങളും അലമാരയിൽ നിന്ന് പണവും കവർന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ രാജാക്കാട് സിഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ(സരോജ-38)യെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മണർകാട് ഉള്ള വാടകവീട്ടിൽ നിന്നാണ് യുവതി അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സൈബു തങ്കച്ചൻ, അനില, കോട്ടയം സ്വദേശി അൽത്താഫ് എന്നിവരുടെ പങ്ക് വ്യക്തമായത്, ഒളിവിലുള്ള അൽത്താഫിനെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്.
മോഷണത്തിനിടെ മറിയക്കുട്ടി സ്വയം കെട്ടഴിച്ച് പുറത്തേക്ക് ഓടിയതോടെ പ്രതികൾ ഇവിടെ നിന്നു കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ‌പ്രതികളിലേക്ക് എത്തിച്ചത്. അൽത്താഫിന്റെ സഹോദരന്റെ ബൈക്കാണിതെന്ന് പോലീസ് കണ്ടെത്തി. അൽത്താഫാണ് ബൈക്കുമായി വീട്ടിൽ നിന്ന് പോയതെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി പത്തോളം കേസുകളിൽ പ്രതിയായ അൽത്താഫ് ഇതിനിടെ രക്ഷപെട്ടിരുന്നു. എങ്കിലും കൃത്യത്തിൽ ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സോണിയയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

സോണിയയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലിസിന് ലഭിക്കുന്നത്.രണ്ട്‌ വർഷം മുമ്പ് പന്നിയാർകുട്ടി ഉണ്ടമലയിലെ വീട്ടിൽ 10 കിലോഗ്രാമിലധികം കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റിലായ സൈബു മുട്ടം ജയിലിൽ റിമാൻഡിലായിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു മോഷണ കേസിൽ റിമാൻഡിലായിരുന്ന അൽത്താഫിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ തമ്മിൽ സൗഹൃദം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *