അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയാണ്. ലീഗിനെ ക്കുറിച്ച് അഡ്വ .സ്മിജി

കോഴിക്കോട്: മലപ്പുറം ജില്ല പഞ്ചായത്ത് വൈ. പ്രസിഡണ്ടായി പ്രഖ്യാപിച്ച അഡ്വ. സ്മിജി അനുഭവിച്ചറിഞ്ഞ ലീഗിനെയും പാണക്കാട് കുടുംബത്തെയും കുറിച്ച് എഴുതിയ കുറിപ്പ് മലപ്പുറത്തിൻ്റെ മതേതര മുഖത്തിൻ്റെ പ്രകാശമായി മാറുന്നു.

അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുകയണെന്ന് അവർ കുറിപ്പിൽ എഴുതി.
മുസ്ലിം ലീഗിൻ്റെ മതേതരത്വം, പാണക്കാട് കുടുംബത്തിൻ്റെ സ്നേഹം അനുഭവിച്ചറിയുന്നു എന്ന് അവർ കുറിപ്പിൽ പറഞ്ഞു.

ഫെയ്സ് ബുക്ക്         പോസ്റ്റിൻ്റെപൂർണ്ണ രൂപം

ചെറുപ്പത്തിൽ അച്ചൻ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാർ ഉണ്ടായിരുന്നു..

പതിറ്റാണ്ടുകളായി വീട്ടിൽ തൂക്കിയിട്ട ഫോട്ടോകളിൽ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.

അച്ചൻ ഈശ്വരവിശ്വാസിയായിരുന്നു,ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടങ്ങാതെ നിർവഹിച്ച വിശ്വാസി. ആ വിശ്വാസം തന്നെയാണ് അച്ചൻ ഞങ്ങളേയും പഠിപ്പിച്ചത്. വിശ്വാസ കാര്യത്തിൽ ഉറപ്പിച്ചു നിർത്തിയ പോലെ അച്ചൻ മറ്റൊന്നു കൂടി ഞങ്ങളെ പഠിപ്പിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം. ആ കുടുംബം സഹോദര സമുദായങ്ങളോട് കാണിക്കുന്ന സ്നേഹത്തെ ചെറുപ്പത്തിലേ ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പഠന കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും, പിന്നീട് അഭിഭാഷകയായപ്പോൾ ആദ്യം അച്ചൻ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു..

അച്ചൻ്റെ കാലം കഴിഞ്ഞപ്പോഴും ഞങ്ങളെ ചേർത്തു നിർത്തി. അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ആയത്.

ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്.

ജനറലായ വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്രയോ സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങൾ പ്രഖ്യാപിച്ചത്.

ഒരിക്കൽ പോലും അങ്ങനെ ഒരു ആഗ്രഹം
ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.

അച്ചൻ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാർത്ഥ്യമായി അനുഭവിക്കുന്നു..
മുസ്ലിം ലീഗിൻ്റെ മതേതരത്വം, പാണക്കാട് കുടുംബത്തിൻ്റെ സാഹോദര്യ സ്നേഹം..

മലപ്പുറത്തിൻ്റെ ഈ സ്നേഹ പാഠം
തലമുറകളിലൂടെ പരന്നൊഴുക്കട്ടെ..

Leave a Reply

Your email address will not be published. Required fields are marked *