തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡോക്ടർ അടക്കം ഏഴ് പേർ പിടിയിൽ.
രുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില് എം.ഡി.എം.എയും കഞ്ചാവുമായി ഏഴ് അംഗ സംഘം പിടിയിലായി.
ഒരു എം.ബി.ബി.എസ് ഡോക്ടർ, ബി.ഡി.എസ് വിദ്യാർത്ഥിനി, ഐ.ടി ജീവനക്കാരൻ എന്നിവരടങ്ങിയ സംഘമാണ് പോലീസ് വലയിലായത്. തോപ്പില്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
ഡോ. വിഗ്നേഷ് ദത്തൻ (34) കിഴക്കേകോട്ട സ്വദേശി (എം.ബി.ബി.എസ് ഡോക്ടർ) ഹലീന (27) കൊട്ടാരക്കര സ്വദേശിനി (ബി.ഡി.എസ് വിദ്യാർത്ഥിനി) അവിനാഷ് (29) കൊല്ലം ആയൂർ സ്വദേശി (ഐ.ടി ജീവനക്കാരൻ) അസിം (29) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി, അജിത്ത് (30) തൊളിക്കോട് സ്വദേശി, അൻസിയ (37) പാലോട് സ്വദേശിനി, ഹരീഷ് (29) കൊല്ലം ഇളമാട് സ്വദേശി എന്നിവരാണ് പിടിയിലായവർ.
പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തേടിയുള്ള അന്വേഷണമാണ് ഈ വലിയ ലഹരിവേട്ടയില്‍ കലാശിച്ചത്. നെടുമങ്ങാട് വെച്ച് പോലീസ് ജീപ്പില്‍ കാറിടിച്ച് രക്ഷപ്പെട്ട അസിമിനെയും സംഘത്തെയും പിന്തുടർന്ന ഡാൻസാഫ് (DANSAF) സംഘം, കണിയാപുരത്തെ ഒളിത്താവളം വളയുകയായിരുന്നു. പുലർച്ചെയോടെയായിരുന്നു പോലീസിന്റെ ഈ നിർണ്ണായക നീക്കം.
പ്രതികളില്‍ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ (4 ഗ്രാം), ഹൈബ്രിഡ് കഞ്ചാവ് (1 ഗ്രാം), സാധാരണ കഞ്ചാവ് (100 ഗ്രാം) എന്നിവ പോലീസ് കണ്ടെടുത്തു. ഇവരെ കൂടാതെ രണ്ട് കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായവരില്‍ അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപും ലഹരി കടത്ത് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. നെടുമങ്ങാട്, ആറ്റിങ്ങല്‍ റൂറല്‍ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷന് ശേഷം പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.

