ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപടി.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപട സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്‌ലാമി ഒരു വർഗീയ പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന എ.കെ ബാലന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണെെന്നും അദ്ദേഹം പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രയോഗിച്ച ‘അമീർ- ഹസൻ- കുഞ്ഞാലിക്കുട്ടി’ തിയറിയുടെ തുടർച്ചയാണത്. ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇസ്‌ലാം ഭീതിയും മുസ്‌ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സിപിഎം പരീക്ഷിച്ചുനോക്കുന്നത്.
വർഗീയ പരാമർശം നടത്തുന്നവരെ ചേർത്തുനിർത്താനും സ്വന്തം നിലയ്ക്ക് വർഗീയത ആളിക്കത്തിക്കാനുമാണ് അവരുടെ പദ്ധതി. അതിനെ കേരളീയ സമൂഹം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തും എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാഠം. ധ്രുവീകരണത്തിന്റെ പ്രചാരണ യുക്തിയാണ് സിപിഎം പ്രയോഗിക്കുന്നത്.

കേരളീയ സമൂഹം അവഗണനയോടെ തള്ളിയ ഇത്തരം നീക്കങ്ങളെ വീണ്ടും എഴുന്നള്ളിക്കുന്നത് ഏറെ അപകടകരമാണ്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബാലനെതിരെ നിയമ നടപടി സ്വീകരിക്കും- അദ്ദേഹം വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *