ആൾമാറാട്ടം തടയൽ യുപിഎസ്സി പരീക്ഷകൾക്ക് മുഖം തിരിച്ചറിയൽ നിർബന്ധമാക്കി; എഐ, നീറ്റിലും വരും
ന്യൂഡൽഹി യുപിഎസ്സി പരീക്ഷകൾക്കു മുൻപായി ഉദ്യോഗാർഥികളെ മുഖം തിരിച്ചറിയലിനു (ഫെയ്സ് റെക്കഗ്നിഷൻ) വിധേയമാക്കും. ആൾമാറാട്ടം തടയുക, ക്രമക്കേടില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണു പുതിയ നടപടി. അപേക്ഷയ്ക്കൊപ്പം നൽകിയ ഫോട്ടോയുമായി സാമ്യമുണ്ടോ എന്നുള്ള എഐ പരിശോധനയാണു നടത്തുക. ഇതിനായി പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കൊപ്പം ലൈവ് ഫോട്ടോകൂടി അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ എല്ലാ പരീക്ഷകൾക്കും നടപ്പാക്കുന്നത്. എൻഡിഎ, സിഡിഎസ് പരീക്ഷകളിൽ ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി 1129 ഉദ്യോഗാർഥികളുടെ പരിശോധനയാണ് അന്നു നടത്തിയത്. ഓരോ സ്കാനിങ്ങും 8–10 സെക്കൻഡുകളിൽ പൂർത്തിയാക്കി. പരീക്ഷയ്ക്കായി അപേക്ഷിക്കുമ്പോൾ നൽകുന്ന ഫോട്ടോ തിരിച്ചറിയൽ മാത്രമാണ് ഇതുവരെ പരീക്ഷാകേന്ദ്രങ്ങളിലുണ്ടായിരുന്നത്.നാഷനൽ ഇ–ഗവേണൻസ് ഡിവിഷന്റെ പിന്തുണയോടെയാണു സംവിധാനം നടപ്പാക്കുന്നത്. യുപിഎസ്സി പരീക്ഷയെഴുതുന്ന എല്ലാ ഉദ്യോഗാർഥികളും പരീക്ഷാകേന്ദ്രത്തിൽ ഫെയ്സ് ഓതന്റിക്കേഷനു വിധേയമാകണമെന്ന വിവരം കഴിഞ്ഞ ദിവസമാണ് അധികൃതർ വെബ്സൈറ്റിലൂടെ അപ്ഡേറ്റ് ചെയ്തത്.
സിവിൽ സർവീസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെ 14 പ്രധാന പരീക്ഷകളാണു പ്രതിവർഷം യുപിഎസ്സി നടത്തുന്നത്.
നീറ്റ്, ജെഇഇ പരീക്ഷയ്ക്കും ഫെയ്സ് റെക്കഗ്നിഷൻ വരും. കഴിഞ്ഞ വർഷം നടന്ന നീറ്റ്-യുജി പരീക്ഷയ്ക്കിടെ പരീക്ഷണാടിസ്ഥാനത്തിൽ ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) ഫെയ്സ് റെക്കഗ്നിഷൻ നടപ്പാക്കിയിരുന്നു. ഈ വർഷം മുതൽ നീറ്റ്, ജെഇഇ ഉൾപ്പെടെ എല്ലാ പ്രവേശന പരീക്ഷകൾക്കും സംവിധാനം ഏർപ്പെടുത്തുന്നതു പരിഗണിക്കുമെന്ന് എൻടിഎ വ്യക്തമാക്കിയിരുന്നു.

