തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്തുന്ന മഹാ മാഘ മഹോത്സവത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ , മുതലെടുത്ത് സംഘ് പരിവാർ

തിരുനാവായ :തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് നടത്താന്‍ തീരുമാനിച്ച മഹാ മാഘ മഹോത്സവത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മ’ നല്‍കി റവന്യു ഉദ്യോഗസ്ഥര്‍. തിരുനാവായ നവാമുകുന്ദ ക്ഷേത്ര പരിസരത്ത് നടക്കാനിരിക്കുന്ന കേരള കുംഭമേളയിലെ അനധികൃത നിര്‍മാണങ്ങള്‍ തടഞ്ഞുവെച്ചുകൊണ്ടാണ് വില്ലേജ് ഓഫീസര്‍ ഒപ്പുവെച്ച് ഉത്തരവിറക്കിയിരിക്കുന്നത്.തിരുന്നാവായ വില്ലേജ്, തിരുന്നാവായ അംശം ദേശം സര്‍വേ നമ്പര്‍ 457 പുറമ്പോക്ക് ഭൂമി (ഭാരതപ്പുഴ) കയ്യേറി അനുമതിയില്ലാതെ പാലം നിര്‍മിക്കുന്നതും ജെ.സി.ബി ഇറക്കി പുഴ നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയത് കേരള നദി തീര സംരക്ഷണ നിയമം 2001ന്റെ ലംഘനമാണ്. ആയത് കുറ്റകരവും പിഴയും ചുമത്താവുന്ന കുറ്റമാണ്.ആയതിനാല്‍ എന്നില്‍ നിക്ഷിപ്തമായുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് താങ്കളുടെ പ്രസ്തുത പ്രവൃത്തി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇതിനാല്‍ ഉത്തരവാകുന്നു,’ എന്നാണ് മഹാ മാഘ മഹോത്സവ സംഘാടക സമിതി കണ്‍വീനര്‍ക്ക് വില്ലേജ് ഓഫീസര്‍ അയച്ച സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാക്കുന്നത്.

പ്രതിഷേധം തുടരൂ, നിങ്ങള്‍ക്കുള്ള സഹായം ഉടനെയെത്തും, MIGA! ഇറാനിലെ പ്രതിഷേധക്കാരോട് ട്രംപ്
Related 1098820
കുംഭമേള ചടങ്ങുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ അല്ല, മറിച്ച് ഭാരതപ്പുഴയിലെ അനധികൃത നിര്‍മാണങ്ങളാണ് തടയുന്നതെന്ന് സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാണ്.ഈ മാസം 18 മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് കുംഭമേള നടത്താന്‍ തീരുമാനിച്ചത്.
ഭാരതപ്പുഴയില്‍ നടക്കുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല. പുഴയുടെ ആവാസവ്യവസ്ഥയും കണ്ടല്‍ കാടുകളും നശിപ്പിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തികളാണ് അവിടെ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുംഭമേള നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്നാണ് സംഘാടകസമിതി അറിയിച്ചത്. യാതൊരു തരത്തിലുള്ള തടസ്സങ്ങളോ സമ്മര്‍ദ്ദങ്ങളോ പരിപാടിയെ ബാധിക്കില്ലെന്നും, എല്ലാ നിയമപരമായ നടപടികളും പാലിച്ചുകൊണ്ട് കുംഭമേള ഭക്തിപൂര്‍വവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

പുഴയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ അനുവാദം ലഭിച്ചില്ലെങ്കില്‍ പുഴയോരത്ത് ചടങ്ങുകള്‍ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അനധികൃത നിര്‍മാണം തടഞ്ഞ ഉത്തരവിനെ സര്‍ക്കാര്‍ കുംഭമേള തടഞ്ഞെന്ന തരത്തിലേക്ക് മാറ്റാന്‍ സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകള്‍ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കമ്യൂണിസ്റ്റുകാരും ഹിന്ദു ധര്‍മത്തെയും വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ ഹിന്ദു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്നുമാണ് ഇത്തരം പേജുകള്‍ ആവശ്യപ്പെടുന്നത്.

ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധവും മതസ്വാതന്ത്ര്യ ധ്വംസനവുമാണെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

കുംഭമേള നടക്കാന്‍ ഏതാനും ദിവസം മാത്രം അവശേഷിച്ചിരിക്കേ യാതൊരു മുന്നറിയിപ്പും നല്‍കാതെ നിര്‍മാണ ജോലികള്‍ തടസപ്പെടുത്തിയതിന് വ്യക്തമായ ഗൂഡാലോചനയുണ്ടെന്നും കുംഭമേളയെ അട്ടിമറിച്ച് തീര്‍ത്ഥാടകരുടെ മനോവീര്യം കെടുത്തുകയാണ് ലക്ഷ്യമെന്നും മുന്‍ എം.എല്‍.എ ആരോപിച്ചു.

ഈ നിലപാടിനെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തും. സംഭവത്തില്‍ പ്രതിഷേധിക്കാനും ആചാര സംരക്ഷണത്തിനും എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *