കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

വയനാട് :കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.

കഴിഞ്ഞദിവസമാണ് 16-കാരനെ സംഘംചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് 16-കാരനെ കൗമാരക്കാർ വിളിച്ചുവരുത്തി മർദിച്ചത്. 16-കാരനെ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ കുട്ടികളിലൊരാളെ കഴിഞ്ഞദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് കേസിൽ പ്രതികളായ മൂന്നുപേരെ കൂടി തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളിൽ മുഹമ്മദ് നാഫി മാത്രമാണ് 18 വയസ്സ് തികഞ്ഞയാൾ. ബാക്കി മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. അതേസമയം, നാഫി അടക്കമുള്ളവർ അഞ്ചുമാസം മുൻപ് മറ്റൊരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിൽ നിലവിലെ നാലുപ്രതികളെ കൂടാതെ മറ്റൊരാൾ കൂടി പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *