മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു.
കാസർകോട്: മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു പ്രതി ഉമ്മർ ഫാറൂഖിൻറെ ബന്ധു ഷേഖ് അബ്ബയാണ്(57) മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഉമ്മർ കത്തി വീശുന്നതിനിടെ ബന്ധുവിന് വെട്ടേറ്റിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാള്‍ ലഹരി ഉപയോഗിച്ചെത്തി നടത്തിയ ക്രൂരമായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകള്‍; രേഖകള്‍ നല്‍കാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത
പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തിലുള്ള എതിർപ്പ് മൂലം ഭാര്യയും മകളും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടില്‍ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുകയാണ്. ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹില്‍ ടോപ്പിലുള്ള വീട്ടില്‍ പ്രതിയും സഹോദരനും എത്തുന്നത്. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരില്‍ എഴുതി നല്‍കില്ലെന്നും മകള്‍ ജുമൈലയുടെ പേരില്‍ എഴുതാമെന്നും ഭാര്യ പറഞ്ഞു. ഇതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ അബ്ബാക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലക്ക് കുത്തേറ്റത്.
പ്രതി ഉമർ ഫാറൂഖ് കടുത്ത ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചെത്തി വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിരന്തരമായ പ്രശ്നങ്ങളെത്തുടർന്ന് ഇയാളെ കുറച്ചുനാള്‍ മുൻപ് വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു. ഉമർ ഫാറൂഖിനെതിരെ മുൻപും നിരവധി കേസുകള്‍ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് മാസം മുൻപാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ജുമൈലയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സ്ഥലത്തുതന്നെ നിലയുറപ്പിച്ച പ്രതിയെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ മഞ്ചേശ്വരം പൊലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ ഇന്ന് സംഭവം നടന്ന തൂമിനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉപയോഗിച്ചിരുന്ന ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. കൊല്ലപ്പെട്ട ജുമൈലയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
പ്രതിയുടെ രക്ത സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയക്കും. ലഹരിക്കടിമയായ പ്രതി ഉമ്മർ ഫാറൂഖ് സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്ത സാമ്പിള്‍ ലാബിലേക്ക് അയക്കുന്നത്.

