സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
തിരുവനന്തപുരം: പ്രമുഖ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു തിരുവനന്തപുരം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് കേസ്.
മലയാള സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികൻ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂറി അംഗമായ സ്ത്രീ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഐ.പി.സി 354, 354A തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ആറ് സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കണ്ടോൻമെന്‍റ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസെന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി മുൻ കൂർജാമ്യം അനുവദിച്ചിരുന്നു. ഹോട്ടലിലെ സിസിടിവിയുടെയും സാക്ഷി മൊഴികളുടടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരി പറയുന്ന സമയം പിടി കുഞ്ഞു മുഹമ്മദ് മുറിയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നാലെ താൻ നേരിട്ട അനുഭവം ചില സുഹൃത്തുക്കളോട് ജൂറി അംഗമായ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം പ്രധാന തെളിവുകളായി പൊലീസ് ശേഖരിച്ചിരുന്നു.

