പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു

ലഖ്നൊ :ഉത്തർപ്രദേശിലെ അബേദ്കർ നഗരിൽ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ച. സംഭവത്തിൽ യോഗേഷ് വർമ (32)യും ശുഭം വിശ്വകർമ (19)യും അറസ്റ്റിലായി. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഗർഭിണിയായ പ്രിയങ്കയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ബി.എ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടു വിദ്യാർത്ഥിയായ ശുഭവും ചേർന്ന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അനസ്തീസിയയുടെ അളവ് കൂടിപ്പോയതോടെ പ്രിയങ്കയ്ക്ക് ബോധം വീണ്ടെടുക്കാനായില്ല. തുടർന്ന് അമിത രക്തസ്രാവവും ഉണ്ടായതായി പൊലീസ് അറിയിച്ചു. നില വഷളായതോടെ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതി മരിച്ചു. പ്രിയങ്കയുടെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ ആശുപത്രി നടത്തിപ്പുകാരി ഒളിവിൽ പോയി. പൊലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിക്ക് ലൈസൻസ് ഇല്ലെന്നും ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കാൻ അനുമതിയില്ലെന്നും അഗ്നിരക്ഷാ സേനയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലെന്നും യോഗ്യതയുള്ള സ്റ്റാഫ് ഇല്ലെന്നും കണ്ടെത്തി.
‘നവജീവൻ ഹോസ്പിറ്റൽ’ എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നു. ശസ്ത്രക്രിയകൾക്കായി 3,000 മുതൽ 5,000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും കുറഞ്ഞ ചെലവിനാൽ ആളുകൾ ഇവിടെ എത്തിച്ചേരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ആശുപത്രി പൂട്ടിയതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *