പശ്ചിമ ബംഗാളിൽ മദ്രസകളിൽ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി
കൊൽക്കത്ത: കേന്ദ്ര സർക്കാരിൻ്റെ വന്ദേമാതരം നിർബന്ധമാക്കിയ നിയമം പശ്‌ചിമ ബംഗാൾ ബി.ജെ.പി സർക്കാർ മദ്രസസകളിൽ നിർബനധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു
സ്കൂളുകളിലും, മദ്രസകളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമക്കിയാണ് ഉത്തരവ്
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ ‘വന്ദേ മാതരം’ ആലപിക്കണം. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവുകൾ.
സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് എല്ലാ ദിവസവും ‘വന്ദേ മാതരം’ ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ആറ് ഖണ്ഡികകളും ആലപിക്കുന്നതാണ് നിർബന്ധമാക്കിയത്. അസംബ്ലികളിൽ ‘ബാംഗ്ലാർ മാട്ടി ബാംഗ്ലാർ ജൽ’ (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന ഗാനം നിർബന്ധമാക്കിയിരുന്ന മുൻ സർക്കാരിൻ്റെ ഉത്തരവിന് പുറമെയാണ് പുതിയ ഉത്തരവ്. ‘വന്ദേ മാതര’ത്തിനും ദേശീയ ഗാനത്തിനും ഒപ്പം സംസ്ഥാന ഗാനവും തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സ്കൂൾ മേധാവികൾ പറയുന്നു. ഇവ എല്ലാം ആലപിക്കുകയാണെങ്കിൽ ക്ലാസുകൾ തുടങ്ങുന്നത് വൈകാൻ കാരണമാകും. മൂന്ന് ഗാനങ്ങൾക്കായി വിദ്യാർഥികളെ നിർത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവർ പറയുന്നു.
സർക്കാർ പരിപാടികളിലും, സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് ‘വന്ദേമാതരം’ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

