താലിയെങ്കിലും തന്നിട്ടുപോകൂ 84-കാരി കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല മാല പൊട്ടിച്ചോടിയ അയൽവാസി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

വയോധികയുടെ മാല കവർന്ന പ്രതി റിമാൻഡിൽ ജ്വല്ലറി മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജിതം

വണ്ടൂർ: .ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന വൻ ജ്വല്ലറി കവർച്ചയും വയോധികയുടെ സ്വർണമാല അപഹരിച്ച സംഭവവും വണ്ടൂർ ഗ്രാമത്തെ ഞെട്ടിച്ചു. വണ്ടൂർ അങ്ങാടിയിലെ ജ്വല്ലറിയിൽ നിന്നും 19 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്.

ഈ കേസിന്റെ അന്വേഷണത്തിരക്കിൽ പോലീസ് ഇരിക്കെയാണ് വൈകിട്ടോടെ വണ്ടൂർ പോരൂർ പൂത്രക്കോവിൽ ചെങ്ങല്ലീരി സുഭദ്ര അന്തർജനത്തിന്റെ (84) ഒരു പവൻ തൂക്കം വരുന്ന സ്വർണമാല കവർന്നത്. എന്നാൽ, ഈ കേസിൽ പ്രതിയായ അയൽവാസിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞത് പോലീസിന്റെ മികച്ച നേട്ടമായി. പൂത്രക്കോവ് കിണറ്റിങ്ങൽ സ്വദേശി രതീഷിനെയാണ് (44) വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവസമയത്ത് സുഭദ്ര അന്തർജനം വീട്ടിൽ തനിച്ചായിരുന്നു. ഇവരുടെ ഭർത്താവ് ദാമോദരൻ നമ്പൂതിരി നീലേശ്വരത്തുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. മകൻ പുറത്തുപോയ സമയത്താണ് കുടുംബവുമായി അടുത്ത പരിചയമുള്ള രതീഷ് വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറിയത്.

തുടർന്ന് മകന്റെ പേര് വിളിച്ച് അന്വേഷിച്ച ശേഷം, വാർധക്യസഹജമായ അവശതകളാൽ കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തിൽ പകച്ചുപോയ വയോധിക, തന്റെ “താലിയെങ്കിലും തന്നിട്ടുപോകാൻ” കരഞ്ഞു പറഞ്ഞിട്ടും പ്രതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇവരുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചത്.

കാഴ്ചക്കുറവുള്ളതിനാൽ സുഭദ്ര അന്തർജനത്തിന് പ്രതിയുടെ മുഖം വ്യക്തമായി മനസ്സിലായിരുന്നില്ല. എന്നാൽ, മകന്റെ പേര് കൃത്യമായി വിളിച്ചതു കൊണ്ട് പ്രതി വീടുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് നാട്ടുകാർക്കും പോലീസിനും ഉറപ്പായിരുന്നു.

പുലർച്ചെ നടന്ന ജ്വല്ലറി കവർച്ചയുടെ അന്വേഷണത്തിനിടയിലാണ് ഈ സംഭവവുമുണ്ടാകുന്നത്. തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി നൽകിയ പ്രത്യേക നിർദ്ദേശ പ്രകാരം വണ്ടൂർ പോലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. പൂത്രക്കോവ് ഭാഗത്തു നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ സ്പെഷൽ ബ്രാഞ്ച് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.

മോഷ്ടിച്ച മാല വണ്ടൂരിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി പ്രതി സമ്മതിച്ചു. തുടർന്ന് പോലീസ് ജ്വല്ലറിയിലെത്തി മാല വീണ്ടെടുക്കുകയും പ്രതിയുടെ പോക്കറ്റിൽ നിന്നും പണം കണ്ടെത്തുകയും ചെയ്തു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, വണ്ടൂർ അങ്ങാടിയിൽ ഭിത്തി തുരന്ന് 19 ലക്ഷത്തിന്റെ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ വ്യാപിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മതിൽ തുരന്ന് മോഷണം നടത്തുന്ന രീതി പ്രൊഫഷണൽ കവർച്ചാ സംഘങ്ങളുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അങ്ങാടിയിലെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥിരം മോഷണക്കേസുകളിൽ പെടുന്ന ചില പ്രതികളെ നിലവിൽ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും ജ്വല്ലറി കവർച്ചയിലെ പ്രതികളെ ഉടൻ വലയിലാക്കുമെന്നും പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *