ക്ഷേത്രദർശന ത്തിനെത്തിയവർ സഞ്ചരിച്ച ജീപ്പപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണാഭര ണങ്ങൾ കവർന്ന രക്ഷാ പ്രവർത്തകൻ അറസ്റ്റിൽ.
മൂകാംബിക:ക്ഷേത്രദർശനത്തിനെത്തിയ പാലാ സ്വദേശികൾ സഞ്ചരിച്ച ജീപ്പപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന പ്രാദേശിക നിവാസി അറസ്റ്റിൽ കൊല്ലൂർ കല്യാണിഗുസ്സെ സ്വദേശി ഹേമന്ത് (40) ആണ് കൊല്ലൂർ പോലീസിന്റെ പിടിയിലായത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകനെന്ന വ്യാജേനയെത്തിയാണ് ഇയാൾ അതിക്രൂരമായ കവർച്ച നടത്തിയത്.
മേയ് 17-നാണ് മൂകാംബിക ഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പിൽ മീൻ ലോറിയിടിച്ച് അപകടമുണ്ടായത്. കൊല്ലൂരിനടുത്തുള്ള ദളിയിൽ വെച്ചുണ്ടായ ഈ അപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾ മരിച്ചിരുന്നു. അപകടം നടന്നയുടൻ പരിക്കേറ്റവരെ സഹായിക്കാനെന്ന ഭാവത്തിൽ ഓടിയെത്തിയ ഹേമന്ത്, മരിച്ച പാലാ സ്വദേശിനിയുടെ ശരീരത്തിൽ കിടന്നിരുന്ന സ്വർണാഭരണങ്ങൾ ആരുമറിയാതെ കവരുകയായിരുന്നു.
അപകടത്തിന് ശേഷം മൃതദേഹത്തിൽ ആഭരണങ്ങൾ കാണാനില്ലെന്ന് വ്യക്തമായതോടെ, ഉഡുപ്പി കേരളസമാജം വൈസ് പ്രസിഡന്റ് ശ്രീകുമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്. അപകട സമയത്ത് അവിടെയുണ്ടായിരുന്നവർ എടുത്ത ഫോട്ടോകളും, പരിസരപ്രദേശങ്ങളിലെ സിസിടിവി (CCTV) ദൃശ്യങ്ങളും പോലീസ് ശാസ്ത്രീയമായി പരിശോധിച്ചു. ഇതിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹേമന്തിനെ ചോദ്യം ചെയ്തതോടെയാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്
പ്രതിയിൽ നിന്ന് സ്വർണമാല, മോതിരം ഉൾപ്പെടെ 2.07 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

