അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം മകനും കൂട്ടുകാരുംചേർന്ന് വെട്ടിക്കൊന്നു.

ചെന്നൈ: അച്ഛനെ കൊന്ന കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം മകനും കൂട്ടുകാരുംചേർന്ന് വെട്ടിക്കൊന്ന. ചെന്നൈയ്ക്കടുത്ത് ടി.പി.ചത്രത്തിലാണ് സംഭവം. അറിയപ്പെടുന്ന കുറ്റവാളിയായിരുന്ന രാജ്കുമാർ (47) കൊല്ലപ്പെട്ട കേസില്‍ കോളേജ് വിദ്യാർഥിയായ യുവനേഷും (19) രണ്ടുസുഹൃത്തുക്കളും കീഴടങ്ങിയതോടെയാണ് അപൂർവ പ്രതികാരത്തിന്റെ കഥ പുറത്തറിഞ്ഞത്.

 

യുവനേഷിന്റെ അച്ഛൻ സെന്തില്‍കുമാർ അമിഞ്ചിക്കരയില്‍വെച്ച്‌ 2008-ലാണ് കൊല്ലപ്പെട്ടത്. യുവനേഷിന് അപ്പോള്‍ രണ്ടു വയസ്സാണ് പ്രായം. രാജ്കുമാർ ഉള്‍പ്പെടെ അഞ്ചു പേരായിരുന്നു കേസിലെ പ്രതികള്‍. അതില്‍ മൂന്നുപേർ മരിച്ചു.

സെന്തില്‍കുമാറും രാജ്കുമാറുമെല്ലാം അമിഞ്ചിക്കരയിലെ കുറ്റവാളിസംഘത്തില്‍ പെട്ടവരായിരുന്നെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അഞ്ചംഗസംഘം സെന്തില്‍കുമാറിനെ കൊന്നത്. കേസില്‍ പ്രതിയായിരുന്ന രാജ്കുമാർ പത്തുവർഷം മുൻപ് അക്രമമെല്ലാം നിർത്തി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പന്തല്‍ ബിസിനസുമായി കഴിയുകയായിരുന്നു.

നാട്ടുകാരില്‍നിന്ന് വിവരങ്ങള്‍ കേട്ടറിഞ്ഞ യുവനേഷിന്റെ ഉള്ളില്‍ രാജ്കുമാറിനോട് പകയുണ്ടായിരുന്നു. കഴിഞ്ഞദിവസം എന്തോകാരണത്തിന് ഇരുവരുംതമ്മില്‍ വഴക്കുണ്ടാവുകയുംചെയ്തു. തന്റെ കണ്‍വെട്ടത്തുനിന്ന് മാറിനടന്നില്ലെങ്കില്‍ അച്ഛന്റെ ഗതി യുവനേഷിനും ഉണ്ടാകുമെന്ന് രാജ്കുമാർ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പകരംവീട്ടാൻ യുവാവ് തീരുമാനിച്ചത്

കില്‍പ്പോക്കിലെ ഒരു കോളേജില്‍ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ യുവനേഷ് അതിന് സുഹൃത്തുക്കളുടെ സഹായംതേടി. ഒൻപതംഗസംഘം കഴിഞ്ഞദിവസം ബൈക്കുകളിലായി രാജ്കുമാറിനെ അന്വേഷിച്ചുചെന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രാജ്കുമാറിനെ പിന്തുടർന്ന് അടുത്തവീട്ടിലിട്ട് അടിച്ചും വെട്ടിയും കൊന്നു. യുവനേഷും സുഹൃത്ത് സായ്കുമാറും (20) ഒരു പതിനേഴുകാരനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മറ്റു സംഘാംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *