പ്രസാദം കൊടുക്കാൻ വൈകി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഹർദോയി സ്വദേശി യോഗേന്ദ്ര സിങ്ങാ(35)ണ് മരിച്ചത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അതുൽ പാണ്ഡെ (30)യെന്നയാളെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വടിയും ഇരുന്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ യോഗേന്ദ്ര നിലത്ത് വീണു
കിടക്കുന്നതും മൂന്ന് പേരെങ്കിലും വടികൊണ്ട് തുടർച്ചയായി മർദിക്കുന്നുമുണ്ട്. 15 വർഷമായി ക്ഷേത്രത്തിൽ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്. 15 പേരടങ്ങുന്ന യുവാക്കൾ ക്ഷേത്രത്തിലെത്തി പ്രസാദം ആവശ്യപ്പെട്ടെന്നും നൽകാൻ വൈകിയപ്പോൾ സംഘർഷമുണ്ടാക്കിയെന്നുമാണ് പോലീസിന് കിട്ടിയ മൊഴി. ഗുരുതര പരിക്കേറ്റ യോഗേന്ദ്രയെ എയിംസിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തിൽ, ഗ്രാമത്തിൽ പശുക്കളെ മേയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ആർഎസ്എസ് നേതാവിന്റെ മകനെ അയൽക്കാരായ നാലുപേർ ചേർന്ന് കൊലപ്പെടുത്തി. സേംര ഹർദോ ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചതായി കുശിനഗർ പോലീസ് സൂപ്രണ്ട് (എസ്പി) സന്തോഷ് കുമാർ മിശ്ര പറഞ്ഞു.

